തിരുവനന്തപുരം:നിയമസഭയിലെ സംഘർഷങ്ങളുടെ പേരിൽ ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ഏകപക്ഷീയമായ കേസെടുത്തതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ്. എംഎൽഎമാർക്ക് ഇത്തരത്തിലാണ് നീതി ലഭിക്കുന്നതെങ്കിൽ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന സാധാരണക്കാരന്‍റെ അവസ്ഥ എന്താകുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സംസ്ഥാനത്തെ പൊലീസിന്‍റെ പ്രവർത്തനം വാദി പ്രതിയാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തപ്പോഴും കെ കെ രമ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. പുലർച്ചെ 4:30ന് കേസെടുക്കുകയും എട്ട് മണിക്ക് സർവകക്ഷിയോഗം വിളിക്കുകയും ചെയ്യുന്ന കാപട്യമാണ് സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായത്. ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല.
മുഖ്യമന്ത്രിയുടെ ധാർഷ്‌ട്യം അനുവദിച്ചു നൽകാൻ പ്രതിപക്ഷത്തിന് കഴിയില്ല. എണ്ണത്തിൽ കുറവായതുകൊണ്ട് മുഖ്യമന്ത്രിയുടെ ആജ്‌ഞ കേട്ടിരിക്കില്ല. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ ആരുടെയും ഔദാര്യമല്ല. റൂൾ 50 പ്രകാരം വിഷയം ഉന്നയിക്കുക തന്നെ ചെയ്യും. ഭയം കൊണ്ടാണ് സർക്കാർ അടിയന്തര പ്രമേയ അനുമതി നിഷേധിക്കുന്നത്.
സമരവുമായി മുന്നോട്ട് പോകും: ഈ നിലയിൽ തന്നെ മുന്നോട്ടു പോകാമെന്ന് സർക്കാർ ചിന്തിക്കേണ്ട. സഭയ്‌ക്കുള്ളിലും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകും. മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലി ജനങ്ങളിൽ എത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയമസഭയിൽ സത്യഗ്രഹ സമരം നടത്തിയപ്പോൾ അതുമാത്രം അറിയാവുന്നവർ എന്ന് പ്രതിപക്ഷത്തെ പരിഹസിച്ചു. എന്നാൽ ഇപ്പോൾ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിന്‍റെ ശക്തി മുഖ്യമന്ത്രി തിരിച്ചറിഞ്ഞിട്ടുണ്ട്. ഏത് ജില്ലയിൽ പരിപാടി നടത്തണമെങ്കിലും ആ ജില്ലയിലെ മുഴുവൻ പൊലീസും മുഖ്യമന്ത്രിക്ക് കാവൽ നിൽക്കണം. ആയിരം പൊലീസുകാരെ ചുറ്റിലും നിർത്തിയാലും പ്രതിഷേധം നടക്കുന്നുണ്ട്.