തിരുവനന്തപുരം : ഏറ്റവും കൂടുതൽ തിരക്കുള്ളവരാണ് ഏറ്റവും വലിയ വായനക്കാരൻ അവർ അനുഭവിക്കാത്ത അനുഭവങ്ങളെ എഴുത്തിലൂടെ നല്‍കാൻ കഴിയുന്നതാണ് എഴുത്തുകാരന്‍റെ മിടുക്ക്. എന്നാൽ പുസ്‌തകങ്ങളിൽ വായിച്ച കാര്യങ്ങൾ യഥാർഥ്യമാകുമ്പോൾ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്താരാഷ്ട്ര നിയമസഭ പുസ്‌തകോത്സവത്തിൽ സംഘടിപ്പിച്ച 'വായനയിലെ ഉന്മാദങ്ങൾ'എന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം (VD Satheesan About Book Fair).
ചില പുസ്‌തകങ്ങൾ വായിക്കുമ്പോൾ വ്യത്യസ്‌തമായ അനുഭവങ്ങളാണ് തനിക്ക് ലഭിച്ചത്. എഴുത്തുകാരുടെ ഭാവന പ്രപഞ്ചത്തേക്ക് നമ്മളെ കൊണ്ട് പോകും. പാമുഖിന്‍റെയും മാർക്കേസിന്‍റെയും പുസ്‌തകങ്ങൾ അവരുടെ നാടുകളിലേക്ക് നമ്മളെ പോകാൻ നിർബന്ധിക്കും. എമിലി ബ്രുന്‍റോയുടെ വുദറിങ് ഹൈറ്റ്‌സിലെ തണുത്ത കാറ്റും സിവി ബാലകൃഷ്‌ണന്‍റെ ആയുസിന്‍റെ പുസ്‌തകം വായിച്ചപ്പോൾ കുന്തിരിക്കത്തിന്‍റെ സുഗന്ധവും താൻ അനുഭവിച്ചു (International Book Fair In Thiruvananthapuram).
വായിച്ച പുസ്‌തകങ്ങളിൽ കഥ യഥാർഥ്യമാകുമ്പോൾ ഭയപ്പെടുന്നു. ജൂതരോട് കാണിച്ച ക്രൂരത ഇന്ന് ലോകത്ത് ന്യൂനപക്ഷങ്ങളോട് കാണിക്കുന്നു. ഇത് ഭയപ്പെടുത്തുന്നതാണെന്നും വിഡി സതീശന്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം എഴുത്തുകാരന് നൽകണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം. എന്നാൽ അധികാരം നിർബന്ധമാക്കുന്ന ചില അതിർവരമ്പുകൾ ഉണ്ട്. കാരണം വെള്ളത്തിന് തീ പിടിപ്പിക്കുന്ന ഈ കാലത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം ഏതു വിധത്തിൽ വേണമെന്ന ചർച്ച ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു (VD Satheesan In International Book Fair).