കേരളം

kerala

ETV Bharat / state

VD Satheesan In Assembly പൊലീസിനെ നിയന്ത്രിക്കുന്നത് ഗൂഢസംഘം, കേരളത്തിൽ ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് - Opposition leader VD Satheesan against cm

'Kerala Police Is Controlled By Secret Gang': ഗ്രോ വാസുവിനോടും സതിയമ്മയോടുമുള്ള അസഹിഷ്‌ണുത എന്തുകൊണ്ട് സ്ഥിരം കുറ്റവാളികളോട് പൊലീസ് കാണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Kerala Police Is Controlled By Secret Gang  VD Satheesan in Assembly  VD Satheesan on kerala police  പൊലീസിനെ നിയന്ത്രിക്കുന്നത് ഗൂഢസംഘം  പ്രതിപക്ഷ നേതാവ്  പ്രതിപക്ഷ നേതാവ് വിഡി സതീശൻ  വിഡി സതീശൻ  Kerala Assembly  Opposition leader VD Satheesan  Opposition leader VD Satheesan against cm  Opposition leader VD Satheesan against government
VD Satheesan in Assembly

By ETV Bharat Kerala Team

Published : Sep 12, 2023, 2:04 PM IST

വിഡി സതീശൻ നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്നത് പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഗൂഢസംഘമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan in Assembly). ഗ്രോ വാസുവിനോടും സതിയമ്മയോടുമുള്ള അസഹിഷ്‌ണുത എന്തുകൊണ്ട് സ്ഥിരം കുറ്റവാളികളോട് പൊലീസ് കാണിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇത് ഇടതുപക്ഷ സർക്കാരല്ലെന്നും മറിച്ച് തീവ്ര വലതുപക്ഷ സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

കോടതിയിൽ മുദ്രാവാക്യം വിളിച്ച ഗ്രോ വാസുവിന്‍റെ വായ പൊത്തിപ്പിടിച്ച കാഴ്‌ച നാം കണ്ടതാണ്. ആലുവയിൽ ഒന്നര മാസത്തിനുള്ളിൽ രണ്ട് പെൺകുട്ടികൾ അപമാനിക്കപ്പെടുകയും ഒരു പെൺകുട്ടി കൊല്ലപ്പെടുകയും ചെയ്‌ത സാഹചര്യത്തിലാണ് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്. 2022ൽ കുഞ്ഞുങ്ങൾക്കെതിരായ അക്രമണങ്ങളുടെ കണക്ക് പരിശോധിച്ചാൽ 5315 'ഒറ്റപ്പെട്ട' സംഭവങ്ങളാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

അഭിമാനകരമായ സ്ഥിതിയിലാണ് കേരളത്തിലെ പൊലീസിന്‍റെ നിലയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗുണ്ടകളും ക്രിമിനലുകളും കേരളത്തിൽ അഴിഞ്ഞാടുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെ ഒരു വിവരങ്ങളും പൊലീസിന്‍റെ കൈയിലില്ല. പൊലീസിന് സ്വന്തമായി ഡാറ്റാബേസ് ഇല്ലെന്നും വിഡി സതീശൻ പറഞ്ഞു.

പെട്രോൾ അടിക്കാൻ പോലും പൊലീസിന്‍റെ കൈയിൽ പണമില്ല. മുഖ്യമന്ത്രി നോക്ക് കുത്തിയായി നിൽക്കുകയാണ്. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ പൊലീസിനെ ഹൈജാക്ക് ചെയ്‌തുവെന്ന് പറഞ്ഞപ്പോൾ ആരോപണം ഉന്നയിക്കുന്നവരുടെ മനോനില തകരാറിലാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വിമർശനങ്ങൾ ഉന്നയിക്കുന്നവരുടെ മനോനില പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇന്നലെയും വിമർശനം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി ഇത് പറഞ്ഞതാണ്. വിമർശിക്കുന്നവരുടെയെല്ലാം മനോനില പരിശോധിക്കണമെന്ന് പറയുന്ന മുഖ്യമന്ത്രിക്കാണ് ചികിത്സ വേണ്ടതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നിയമസഭ തല്ലി തകർത്ത ആളുകൾ മന്ത്രിമാരായി വന്നപ്പോൾ പ്രതിപക്ഷത്തെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്തെ പൊലീസ് സംവിധാനം പോരെന്ന് പ്രതിപക്ഷം പറയുമ്പോൾ അത് ചർച്ച ചെയ്യേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് പോക്‌സോ കേസിൽ നാലിരട്ടി വർധനവ് ഉണ്ടായതായി ബാലാവകാശ കമ്മീഷൻ തന്നെ പറയുന്നു.

ഇതിൽ ഇടപെടാൻ പലപ്പോഴും പൊലീസിന് തടസങ്ങളുണ്ട്. ഡാറ്റാബേസ് പലപ്പോഴും സൂക്ഷിക്കുന്നില്ല. ഗൗരവമില്ലാതെ നിയമസഭ നടപടികളെയും നിയമങ്ങളെയും കാണുന്നുവെന്ന് അനൂപ് ജേക്കബ് പറഞ്ഞു. ആലുവയിൽ ഒന്നര മാസം മുൻപ് ഒരു കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊന്നപ്പോൾ കേരള പൊലീസ് തലകുനിക്കുന്നു എന്നാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്ന് അടിയന്തര പ്രമേയം നോട്ടിസ് നൽകിയ അൻവർ സാദത്ത് എം എൽ എ ചൂണ്ടിക്കാട്ടി.

പൊലീസിനെ ആരും നിയന്ത്രിക്കുന്നില്ല. മുഖ്യമന്ത്രിക്കും ബന്ധപ്പെട്ടവർക്കും സുരക്ഷ ഒരുക്കുന്നത് ആരും എതിർക്കുന്നില്ല. എന്നാൽ എല്ലാ വിഭാഗത്തിനും ഇതേ സുരക്ഷ ഒരുക്കണമെന്നും സർക്കാർ മുടന്തൻ ന്യായങ്ങൾ നിരത്തുകയാണെന്നും അൻവർ സാദത്ത് എം എൽ എ പറഞ്ഞു. പ്രതികളെ പിടിക്കുന്നതിൽ മാത്രം പൊലീസ് സംവിധാനം ഒതുങ്ങുന്നു. പ്രതി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. മറ്റ് നിരവധി കേസുകളിൽ പ്രതിയാണ് ആലുവ കേസിലെ പ്രതി. കൊലപാതകത്തിന് മുൻപ് മോഷണ ശ്രമവും പ്രതി നടത്തിയിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ചും ഇന്‍റലിജൻസും തകർന്നിരിക്കുകയാമെന്നും അൻവർ സാദത്ത് എം എൽ എ കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details