തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രിഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപെടുത്താനും അപമാനിക്കാനും വലിയ ഗൂഢാലോചന നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എത്ര കുളിച്ചാലും അതിന്‍റെ കറ സിപിഎമ്മിന്‍റയും ഇടത് മുന്നണിയുടെയും ഭാഗത്തുനിന്ന് മാഞ്ഞുപോകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പുരുഷായുസ് മുഴുവന്‍ രാഷ്ട്രീയ വേട്ടയാടലുകള്‍ക്ക് വിധേയനായ ആാളാണ് ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തെ അനുസ്‌മരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പറയാതിരിക്കാന്‍ കഴിയില്ല. ജനകീയ മുഖ്യമന്ത്രിയായി ജനസമ്പര്‍ക്ക പരിപാടിയുമായി മുന്നോട്ട് പോകുമ്പോള്‍ അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും ഗൂഢാലോചന നടത്തി രൂപപ്പെടുത്തിയ ആരോപണങ്ങളാണ് സോളാര്‍ വിഷയത്തില്‍ ഉയര്‍ന്നത്. അത് പകല്‍ പോലെ സത്യമാണ്. ജനങ്ങള്‍ക്കും ഇക്കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ടെന്നും സോളാര്‍ വിഷയത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് നിരവധി അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം: കേസെടുക്കാന്‍ ഒന്നുമില്ലെന്ന് പലതവണ കണ്ടെത്തിയിട്ടും ആരോപണവിധേയയായ സ്ത്രീയെ വിളിച്ചുവരുത്തി അവരില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പരാതി എഴുതി വാങ്ങിയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവിനെ നാണംകെടുത്താനാണ് ഈ നീക്കം നടത്തിയത്. ഇത് വലിയ ഗൂഢാലോചനയാണെന്നും ജനങ്ങള്‍ക്കു മുമ്പില്‍ നാണം കെടുത്താനാണ് ഈ ഗൂഡാലോചന നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്നാല്‍ സിബിഐ അന്വേഷണം നടത്തിയിട്ടും ഒന്നും പുറത്തുവന്നില്ല. പുകമറയില്‍ നിര്‍ത്തി അപമാനിക്കാനാണ് ശ്രമിച്ചതെന്നും എന്ത് അന്വേഷണം നടത്തിയാലും സത്യം തെളിയുമെന്നാണ് ഉമ്മന്‍ചാണ്ടി അന്നും പറഞ്ഞത്. അത് സത്യമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.