തിരുവനന്തപുരം:നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതില്‍ പ്രതിഷേധിച്ച് ജില്ല പൊലീസ് ആസ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചിന് നേരെയുണ്ടായ നരനായാട്ട് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്‍റേയും സിപിഎമ്മിന്‍റേയും ഇഷ്‌ടക്കാര്‍ നടത്തുന്ന പകല്‍ക്കൊള്ളയും കമ്മിഷന്‍ ഇടപാടുകളും അധികാര ദുര്‍വിനിയോഗവും ചൂണ്ടിക്കാട്ടിയതിലുള്ള വിരോധം തീര്‍ക്കുന്നതിന് വേണ്ടി പൊലീസിനെ ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണ്. മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്‍റേയും ഗുണ്ടാസംഘമായി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഇപ്പോഴും തുടരുന്നത് സേനയുടെ അന്തസ് കെടുത്തുന്നതാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ആക്രമണം: സമാധാനപരമായി പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും പലയിടത്തും പൊലീസ് ആക്രമിച്ചു. കൊല്ലത്തും കാസര്‍കോടും മലപ്പുറത്തും ലാത്തിവീശി. ഇതില്‍ കാസര്‍കോട് ഡിസിസി അധ്യക്ഷന്‍ പികെ ഫൈസലിനെ തലയ്ക്കടിച്ചുവീഴ്ത്തി. മലപ്പുറത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ആക്രമിച്ചു. വിവിധ ജില്ലകളിലായി നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.
മുഖ്യമന്ത്രിക്കും സിപിഎം - സംഘപരിവാര്‍ നേതാക്കള്‍ക്കും ഒരു നീതിയും, കോണ്‍ഗ്രസ് - യുഡിഎഫ് നേതാക്കള്‍ക്ക് മറ്റൊരു നീതിയുമെന്ന രീതിയാണ് സംസ്ഥാനത്ത് പൊലീസ് നടപ്പാക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഇരട്ടനീതിയെന്നത് ഫാസിസ്‌റ്റ് ശൈലിയാണ്. മോദിയെ അനുകരിക്കുന്ന പിണറായി വിജയന്‍ അതുതന്നെയാണ് കേരളത്തിലും നടപ്പാക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയും കള്ളക്കേസുകളെടുത്തും കേരളത്തിലെ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും നിശബ്‌ദരാക്കാമെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും കരുതേണ്ടെന്നും സതീശന്‍ പറഞ്ഞു.
പൊലീസിനെതിരെ ശക്തിധരന്‍:കൈതോലപ്പായയില്‍ ഒരു സിപിഎം ഉന്നത നേതാവ് പണം കടത്തിയെന്നും കെപിസിസി പ്രസിഡന്‍റിനെ കൊല്ലാന്‍, സിപിഎം ക്വട്ടേഷന്‍ സംഘങ്ങളെ ഏര്‍പ്പെടുത്തിയെന്നും ആരോപണം ഉന്നയിച്ച ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ പൊലീസിനെ വിമര്‍ശിച്ച് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനും ഫോണിലൂടെയുള്ള ഭീഷണിക്കും പൊലീസിലെ ചിലര്‍ വഴിയൊരുക്കുന്നതായാണ് ശക്തിധരന്‍ പോസ്‌റ്റില്‍ ആരോപിച്ചിരിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ഇന്‍റെര്‍നെറ്റ് കോളുകളിലൂടെ ഭീഷണിയും അസഭ്യവര്‍ഷവും തുടരുകയാണ്. ഇത്തരം അധമപ്രവര്‍ത്തനത്തിന് പൊലീസിലെ തന്നെ നീചന്മാര്‍ വിഴി ഒരുക്കുകയാണ്. ഇത്തരത്തില്‍ എതിര്‍പ്പുളളവരെ ആക്രമിക്കാന്‍ നിയമവിരുദ്ധമായ സമാന്തര ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനമുണ്ട്. പ്രത്യേക സംഘത്തെ ഇതിനായി നിയമിച്ചിട്ടുമുണ്ട്. ഇതിനായി ലക്ഷങ്ങളാണ് ചെലവിടുന്നതെന്നും ശക്തിധരന്‍ ആരോപിച്ചു. ഇതിലും ഭേദം സ്‌റ്റാലിനാണെന്നും ശക്തിധരന്‍ കുറിച്ചു.
ഫോണ്‍ നിരീക്ഷണത്തിലെന്ന് ശക്തിധരന്‍: തന്‍റെ പ്രസിദ്ധീകരണത്തെ പോലും ആക്രമിക്കുകയാണ്. പരസ്യം ലഭിക്കുന്നത് തടയുകയാണ്. അതിനാല്‍ പഴയ പരസ്യം ഉള്‍പ്പെടുത്തി രണ്ട് ദിവസം വൈകിയാണ് പ്രസിദ്ധീകരണം ഇറക്കാന്‍ കഴിഞ്ഞത്. തന്‍റെ ഫോണ്‍ പൊലീസ് നിരീക്ഷിക്കുകയാണെന്നും ശക്തിധരന്‍ ആരോപിക്കുന്നു. അസാധ്യമായ കാര്യങ്ങള്‍ ഫോണില്‍ സംസാരിക്കുക. അത് വിശ്വസിച്ചാകും പൊലീസ് നീങ്ങുക. അതിന് ഫലം കണ്ടു. ഈ നേതാക്കള്‍ക്ക് വലിയ സമ്പന്നരുമായി ഏറെ ബന്ധങ്ങള്‍ ഉണ്ടെന്നത് ആര്‍ക്കാണ് അറിയാത്തത്.
'പരസ്യം ഒന്നും കിട്ടിയില്ല അല്ലേ' എന്ന പതിവ് നിസംഗ ചോദ്യം ഖദര്‍ ഉടുപ്പില്‍ നിന്ന് സ്വനഗ്രാഹി യന്ത്രത്തില്‍ നിന്നെന്ന പോലെ കേള്‍ക്കേണ്ടിവരുമെന്നത് കൊണ്ട് അടുത്ത ഏമ്പക്കം കൂടി കേള്‍ക്കും മുമ്പ് രക്ഷപ്പെടുകയാണ് പതിവ്. ഞങ്ങളുടെ പരിതാപകരമായ അവസ്ഥയോട് മുന്‍കൂട്ടി സഹതപിച്ച് തൃപ്‌തിപ്പെടുത്താനുള്ള നേതാക്കളുടെ പാടവം അസൂയാര്‍ഹമാണ്' - ശക്തിധരന്‍ കുറിച്ചു.