തിരുവനന്തപുരം :സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് അശാസ്ത്രീയ നികുതി വർധനയാണ് ബജറ്റിൽ ഏർപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 3000 കോടി രൂപയുടെ അശാസ്ത്രീയ നികുതി വർധനയാണ് ബജറ്റിൽ പറയുന്നത്. പെട്രോളിനും ഡീസലിനും കേന്ദ്രം വൻതോതിൽ വില വർധിപ്പിക്കുന്നതിനെതിരെ മുറവിളി ഉയരുമ്പോഴാണ് കൂടുതൽ ആഘാതമേൽപ്പിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചത്.
മദ്യത്തിന് സെസ് ഏർപ്പെടുത്താനുള്ള തീരുമാനം ഒരു പഠനവും നടത്താതെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതിൻ്റെ സാമൂഹികാഘാതം അങ്ങേയറ്റം അപകടകരമാണ്. നിലവിൽ 247 ശതമാനം നികുതിയാണ് സംസ്ഥാനത്ത് മദ്യത്തിനുള്ളത്.
സാമൂഹിക സുരക്ഷ പെൻഷൻ്റെ പേരിൽ മദ്യത്തിന് വീണ്ടും സെസ് ഏർപ്പെടുത്തുന്നതിലൂടെ ആളുകൾ മദ്യത്തിൽ നിന്ന് മയക്ക് മരുന്നിലേക്ക് മാറും. കഴിഞ്ഞ 5 വർഷത്തിനിടയിൽ കേരളത്തിലെ നികുതി വർധന 2 ശതമാനം മാത്രമാണെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്. മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ചവ യാഥാർഥ്യമാകാതിരിക്കെയാണ് വീണ്ടും ബജറ്റിൽ പാക്കേജുകൾ പ്രഖ്യാപിക്കുന്നത്.