പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് തിരുവനന്തപുരം: എസ്എഫ്ഐയിൽ ചേർന്നാൽ പരീക്ഷ എഴുതാതെ പാസാകാമെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട കേസുകളിൽ അന്വേഷണം എവിടെയുമെത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി നേതൃത്വവും ഭരണ നേതൃത്വവും ക്രിമിനലുകളെ സംരക്ഷിക്കുന്ന ദൗർഭാഗ്യകരമായ അവസ്ഥയാണിപ്പോൾ.
ഉന്നത വിദ്യാഭ്യാസ രംഗത്തിന് അപമാനകരമായ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഗസ്റ്റ് അധ്യാപികയാകാന്‍ മഹാരാജാസ് കോളേജിന്‍റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ യുവതിക്ക് കൂട്ട് നിന്നത് എസ്എഫ്ഐയുടെ സംസ്ഥാന നേതാക്കളാണെന്നും സതീശൻ ആരോപിച്ചു. വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിന്നവരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതേ ആൾക്ക് തന്നെ സംവരണം അട്ടിമറിച്ച് പി എച്ച് ഡി ക്ക് അവസരം നൽകി. കാലടി സർവകലാശാലയിലെ എസ് സി എസ് ടി സെൽ 2020ൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്‌തിരുന്നുവെങ്കിലും ഉന്നത ഇടപെടൽ മൂലം റിപ്പോർട്ട് പൂഴ്ത്തി എന്നും സതീശൻ ആരോപിച്ചു. മുതിർന്ന സിപിഎം നേതാക്കളും എസ്എഫ്ഐ നേതാക്കളുമാണ് ഇതിന് കൂട്ടുനിന്നത്.
മഹാരാജാസ് കോളേജിലെ പിജി വിദ്യാർഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി എം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് വിവാദത്തിലും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. പി എം ആർഷോ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌തിരുന്നുവെന്നും ഫീസ് അടച്ചിരുന്നു എന്നും രാവിലെ പറഞ്ഞ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഉച്ചയ്ക്കുശേഷം നിലപാട് മാറ്റിയത് എസ്എഫ്ഐയുടെ ഭീഷണിയെ തുടർന്നാണ്. എസ്എഫ്ഐ നേതാക്കന്മാർ തന്നെ മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തി. എസ്എഫ്ഐ നടത്തിയ ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയ പ്രതിപക്ഷ നേതാവ്, ഭരണ സ്വാധീനത്തിലും പാർട്ടി സ്വാധീനത്തിലും അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും കുറ്റപ്പെടുത്തി.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം, വ്യാജ തിസിസ് സമർപ്പണം, പി എസ് സി പരീക്ഷയിലെ ആൾമാറാട്ടം എന്നിങ്ങനെ എസ്എഫ്ഐ നടത്തിയ ക്രമക്കേടുകൾ സതീശൻ അക്കമിട്ടു നിരത്തി. ക്രമക്കേടുകൾ നടത്തിയ എസ്എഫ്ഐ നേതാക്കൾ ഇപ്പോൾ സർക്കാർ സർവീസിൽ കയറിയിട്ടുണ്ടെന്നും എന്നാൽ അന്വേഷണം എങ്ങും എത്തിയിട്ടില്ലെന്നും സതീശൻ ആരോപിച്ചു. ഇതാണോ ഇടതുപക്ഷ ബദൽ എന്ന് സതീശൻ മുഖ്യമന്ത്രിയോട് ചോദിച്ചു. കേരളത്തിൽ ഇരട്ട നീതിയാണ്. പൊലീസിന് പാർട്ടി കൂച്ച് വിലങ്ങിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ റേഷൻ പ്രശ്‌നം ശരിയാക്കിയിട്ട് വേണം മുഖ്യമന്ത്രി വിദേശത്തേക്ക് പോകാനെന്നും അദ്ദേഹം പറഞ്ഞു.
നിയമ വിരുദ്ധമായ പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കാൻ പോകുന്നത്. നെൽ കർഷകർക്ക് 800 കോടി കൊടുക്കാൻ പണമില്ലാത്ത സർക്കാരാണ് ധൂർത്തടിക്കാൻ പണം കണ്ടെത്തുന്നത്. കർഷകന്‍റെ കണ്ണീരാണ് പാടശേഖരത്തിൽ ഒഴുകുന്നത്. കുട്ടനാട്ടിൽ പൊലീസ് ലാത്തി ചാർജ് ചെയ്‌തത് പാവപ്പെട്ട നെൽ കർഷകരെയാണ്. കർഷകരെ സർക്കാർ തിരിഞ്ഞുനോക്കുന്നില്ല.
അതേസമയം എ ഐ ക്യാമറ വിഷയത്തിൽ കോടതിയെ സമീപിക്കും. കോടതിയെ എപ്പോൾ സമീപിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കുണ്ട്. പുനസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ താൻ പ്രതികരിക്കാനില്ലെന്നും സതീശൻ പറഞ്ഞു. സംഘടനാ ചുമതലയിൽ ഉള്ളവർ വിഷയത്തിൽ പ്രതികരിക്കും. പ്രതികരിക്കുന്നതിൽ അനൗചിത്യം ഉണ്ട്. കെപിസിസി അധ്യക്ഷൻ ഔദ്യോഗിക നിലപാട് പറയുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.