തിരുവനന്തപുരം:ഭയാനക സാമ്പത്തിക പ്രതിസന്ധിയും ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന ജീവല്‍ പ്രശ്നങ്ങളും പരിഹരിക്കാത്ത സര്‍ക്കാര്‍, നവകേരള സദസില്‍ എന്ത് ജനകീയ പ്രശ്നങ്ങളാണ് പരിഗണിക്കുകയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.സാധാരണക്കാരന്റെ നെഞ്ചില്‍ ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഢംബര യാത്ര.
ആഢംബര ബസിലെ കറങ്ങുന്ന കസേരയില്‍ രാജാവിനെ പോലെ ഇരിക്കുന്ന മുഖ്യമന്ത്രിയെ സാധാരണക്കാര്‍ തൊഴുത് വണങ്ങി നില്‍ക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും വിഡി സതീശന് ചോദിച്ചു. ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രശ്നങ്ങള്‍ക്ക് അപ്പപ്പോള്‍ പരിഹാരം കണ്ടിരുന്ന ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയുമായാണ് കറങ്ങുന്ന കസേരയില്‍ ഇരിക്കുന്ന പിണറായി വിജയനെയും പരിവാരങ്ങളെയും ജനം താരതമ്യപ്പെടുത്തുന്നതും വിലയിരുത്തുന്നതും.
52 ലക്ഷം പേര്‍ക്ക് നാല് മാസത്തെ ക്ഷേമ പെന്ഷന് കുടിശികയാണ്. നിരാലംബരായ അവര്‍ മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ പ്രശ്നങ്ങള്‍ എന്ന് പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ചോദിച്ചു. കര്‍ഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. പിആര്‍എസ് വായ്പ നെല്‍ കര്ഷകന് തീരാ ബാധ്യതയായിരിക്കുന്നു. നാളികേര കര്‍ഷകര്‍ അവഗണന നേരിടുകയാണ്. റബ്ബര്‍ കര്‍ഷന്റെ 250 രൂപ താങ്ങുവില എവിടെയെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്ന് പരിഹരിക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.