സര്‍ക്കാരിനെതിരെ വി.ഡി സതീശന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കുകയും ഇന്ധന സെസ് ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ഇക്കൊല്ലം ഏപ്രില്‍ മുതല്‍ ഒരു ശരാശരി കുടുംബത്തിന് 5000 രൂപ മുതല്‍ 10000 രൂപവരെ പ്രതിമാസ ചെലവില്‍ വര്‍ധനയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. വിലകയറ്റം അതിരൂക്ഷമാണ്. എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും 300 ശതമാനം വരെ വില വര്‍ധിച്ചുവെന്നും വില വര്‍ധന ജനജീവിതം ദുസഹമാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടുമാസം കൊണ്ട് റോക്കറ്റ് പോലെ വില കുതിച്ചുയര്‍ന്നു. സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാകുമ്പോള്‍ കമ്പോള ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ട സപ്ലൈക്കോ ഇന്ന് അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. സപ്ലൈക്കോയ്‌ക്ക് 2000 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളതെന്നും പണം നല്‍കാത്തതുമൂലം വിതരണക്കാര്‍ സാധന വിതരണം നിര്‍ത്തിവച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇനി പ്രശ്‌നം പരിഹരിച്ചു പുതിയ ടെന്‍ഡര്‍ വിളിച്ചാല്‍ സാധനങ്ങള്‍ ഓണം കഴിഞ്ഞുമാത്രമേ സപ്ലൈക്കോയില്‍ എത്തുകയുള്ളൂ. അതിനാല്‍ ഇത്തവണ ഓണത്തിനു തീ പിടിച്ച വിലയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നികുതി എവിടെ:ഇന്ധന സെസ് ഏര്‍പ്പെടുത്തിയാല്‍ വില്‍പന കുറയുമെന്ന് പ്രതിപക്ഷം ആദ്യമേ ചൂണ്ടിക്കാട്ടിയത് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. കേരളത്തില്‍ ഡീസല്‍ വില്‍പന ഗണ്യമായി കുറയുന്നു. കേരളത്തില്‍ നിന്ന് ഡീസലടിച്ചിരുന്ന ട്രക്കുകള്‍ ഇപ്പോള്‍ കേരളത്തിനു പുറത്തുനിന്നാണ് ഡീസല്‍ അടിക്കുന്നത്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന നികുതി പോലും ലഭിക്കാത്ത സ്ഥിതിയാണെന്നും വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു.
രൂക്ഷമായ ധനകമ്മിയിലൂടെ സംസ്ഥാനം കടന്നു പോകുകയാണ്. നികുതി പിരിവില്‍ ജിഎസ്‌ടി വകുപ്പ് കാര്യക്ഷമമായ ഒരു ഇടപെടലും നടത്തുന്നില്ല. നികുതി വകുപ്പില്‍ ഉദ്യോഗസ്ഥരെ പുനഃസംഘടിപ്പിച്ചതോടെ ജീവനക്കാര്‍ക്ക് ഒരു പണിയും ഇല്ലാത്ത സ്ഥിതിയാണെന്നും അതേസമയം നികുതി വെട്ടിച്ചുള്ള കച്ചവടം പൊടി പൊടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ജ്വല്ലറികള്‍ ഉള്‍പ്പെടെ നികുതി വെട്ടിപ്പ് നടത്തുകയാണ്. സംസ്ഥാനത്ത് നികുതി നല്‍കി വില്‍പന നടത്തുന്ന സ്വര്‍ണത്തിന്‍റെ ഇരട്ടിയാണ് നികുതിയില്ലാതെ കച്ചവടം നടത്തുന്നത്. ബാറുകളില്‍ നിന്ന് നികുതിയില്ല. ജ്വലറികളും ബാറുകളും നല്‍കുന്നത് സ്വീകരിക്കുന്ന വകുപ്പായി ജിഎസ്‌ടി വകുപ്പ് മാറിയെന്നും വി.ഡി സതീശന്‍ പരിഹസിച്ചു.
എല്ലാം തന്നിഷ്‌ടത്തില്‍: ജിഎസ്‌ടി ഏര്‍പ്പെടുത്തിയതില്‍ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറേണ്ടതായിരുന്നെങ്കിലും കേരളത്തില്‍ നികുതി പിരിവിന് ഒരു ശ്രമവും നടക്കുന്നില്ല. ധൂര്‍ത്ത് അതിരൂക്ഷമാണ്. ധനവകുപ്പിന് ഒരു സാമ്പത്തിക സൂക്ഷ്‌മതയുമില്ലെന്നും ധനവകുപ്പിന്‍റെ എതിര്‍പ്പുകളെ അവഗണിച്ച് തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. സ്ഥിതി അതീവ രൂക്ഷമയിട്ടും സര്‍ക്കാര്‍ എല്ലാം മറച്ചുവയ്ക്കുകയാണ്. സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതികരണം:ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്‍റെ ഞെട്ടലിലും ദുഃഖത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളും നില്‍ക്കുന്നതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് മാധ്യമങ്ങളടക്കം ചിലര്‍ കടന്നത് അനുചിതമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതു സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ എല്ലാവരും നിര്‍ത്തണം. മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കേണ്ട ഒരു ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ ഇപ്പോള്‍ അടിയന്തരമായി തീരുമനിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് കഴിവുണ്ടെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അതു കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് എടുക്കുന്ന തീരുമാനം കോണ്‍ഗ്രസ് പ്രസിഡന്‍റിനെ അറിയിക്കുമ്പോള്‍ അദ്ദേഹമാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും കോണ്‍ഗ്രസിനു നല്‍കണമെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റ് പറഞ്ഞ അഭിപ്രായം അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം അവസാനം പറഞ്ഞതാണ് ഇതുസംബന്ധിച്ച അദ്ദേഹത്തിന്‍റെ അഭിപ്രായമായി കണക്കാക്കേണ്ടതെന്നും വി.ഡി സതീശന്‍ അറിയിച്ചു.
മുഖ്യമന്ത്രിയെ ക്ഷണിച്ചത് സംബന്ധിച്ച്: മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചാണ് തിരുവനന്തപുരത്ത് നടക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്‌മരണത്തില്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. അല്ലാതെ ഇത് തന്‍റെയോ കെപിസിസി പ്രസിഡന്‍റിന്‍റെയോ ഏകപക്ഷീയമായ തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് അനുസ്‌മരണ യോഗം നടത്തണമെന്നും അതില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കണമെന്നും തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയെ മാത്രമല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും സാംസ്‌കാരിക നായകരെയും മത മേലധ്യക്ഷന്‍മാരെയും ക്ഷണിക്കാന്‍ തീരുമാനിച്ചു. തന്നെ വേട്ടയാടിയതിനെ കുറിച്ച് സത്യം ഒരുനാള്‍ പുറത്തുവരുമെന്ന് ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതുതന്നെയാണ് പലരുടെയും വെളിപ്പെടുത്തലിലൂടെ ഇപ്പോള്‍ പുറത്തുവരുന്നതെന്നും ഇതു സംബന്ധിച്ച വിവാദം ഇനി വേണ്ടെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.