തിരുവനന്തപുരം : ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ (Oommen Chandy) വേട്ടയാടിയവർ മരണത്തിന് ശേഷവും വെറുതെ വിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheeshan Criticises CPM). ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. പുതുപ്പള്ളി വിധിയെഴുത്ത് (puthupally Bypoll) സർക്കാരിന്‍റെ വിലയിരുത്തലാകും. സർക്കാരിനെതിരായ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സ്വപ്നതുല്യ വിജയലക്ഷ്യമാണ് യു ഡി എഫിനുള്ളതെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഉമ്മൻ ചാണ്ടിയുടെ മക്കളെ പോലും മനസാക്ഷിയില്ലാതെ അധിക്ഷേപിച്ചു. സി പി എം (C P I M) നേതൃത്വത്തിന്‍റെ അറിവോടെയായിരുന്നു ഇതെല്ലാം. ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കാൻ സി പി എം തയാറുണ്ടോ എന്നും സതീശൻ ചോദിച്ചു. വികസനം ചർച്ച ചെയ്യുമെന്ന് പറഞ്ഞവർ വ്യക്തിഹത്യയാണ് നടത്തിയത്. യു ഡി എഫ് പുതുപ്പള്ളിയിൽ ഗൗരവമായ രാഷ്ട്രീയം പറഞ്ഞു. മാസപ്പടി അടക്കമുള്ള ആറ് അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങൾക്ക് മറുപടി ചോദിച്ചു. മഹാ മൗനത്തിന്‍റെ മാളത്തിൽ ഭീരുവിനെ പോലെ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രി എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
വി ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :വോട്ട് ചെയ്യുന്നത് പുതുപ്പള്ളിയാണ്. സർക്കാരിനെതിരായ കേരള സമൂഹത്തിന്‍റെ പൊതുവികാരം കൂടി ഉൾക്കൊണ്ടുള്ളതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്. രാഷ്ട്രീയ പരിഗണനകൾക്കും ജാതി മത ചിന്തകൾക്കും അതീതമായി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂർണമായ വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങൾക്കിടയിൽ നിന്നും വൻ പിന്തുണയാണ് ലഭിച്ചത്. യുഡിഎഫ് ഒരു ടീമായി ആത്മാർഥമായി പ്രവർത്തിക്കുന്നു. സ്വപ്നതുല്യമായ വിജയലക്ഷ്യം ഞങ്ങൾക്കുണ്ട്.