തിരുവനന്തപുരം : നവോത്ഥാന മുന്നേറ്റമെന്ന് വീമ്പ് പറയുന്നൊരു സര്‍ക്കാരിന്‍റെ കാലത്ത് നാട്ടില്‍ നിയമം നടപ്പാക്കേണ്ട പൊലീസ്, എത്രത്തോളം അപരിഷ്‌കൃതവും മനുഷ്യത്വരഹിതവുമായാണ് സാധാരണ ജനങ്ങളോട് പെരുമാറുന്നത് എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ധര്‍മടത്ത് കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദുര്‍ബല വകുപ്പുകളിട്ട് എസ്‌എച്ച്‌ഒയെ സംരക്ഷിക്കുന്നു എന്നും ധര്‍മടത്തേത് ഒറ്റപ്പെട്ട സംഭവമല്ല എന്നും അദ്ദേഹം ആരോപിച്ചു.
'ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വന്തം നിയമസഭ മണ്ഡലമാണിത്. വിഷു ദിനത്തില്‍ വൃദ്ധമാതാവ് ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളെ ധര്‍മടം എസ്‌എച്ച്‌ഒ ക്രൂരമായാണ് മര്‍ദിച്ചത്. സ്റ്റേഷന്‍ ചുമതലയുള്ള ഈ ഉദ്യോഗസ്ഥന്‍ ഇവരുടെ കാറും തല്ലിത്തകര്‍ത്തു. ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്' - പ്രതിപക്ഷ നേതാവ് പറഞ്ഞു.
തൃപ്പൂണിത്തുറയിലും എറണാകുളം നോര്‍ത്തിലും സമീപകാലത്ത് ക്രൂരമായ പൊലീസ് മര്‍ദനങ്ങളുണ്ടായി. കളമശ്ശേരിയില്‍ ജനപ്രതിനിധികളെ ഉള്‍പ്പടെ കയ്യേറ്റം ചെയ്തു. ഈ സ്ഥലങ്ങളിയൊക്കെ ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'സര്‍ക്കാരിനും സിപിഎമ്മിനും വേണ്ടപ്പെട്ടവര്‍ എത്ര വലിയ ക്രിമിനലുകള്‍ ആയാലും സംരക്ഷിക്കുമെന്ന സന്ദേശമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ധര്‍മടത്തും നടപ്പാക്കുന്നത്. ക്രിമിനല്‍ മനസുള്ള ഉദ്യോഗസ്ഥര്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാരും പാര്‍ട്ടിയും തന്നെയാണ്. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ സേനയില്‍ ഒരു നിയന്ത്രണവുമില്ല.
ധര്‍മടം എസ്‌എച്ച്‌ഒ ലാത്തിയുമായി ഉറഞ്ഞുതുള്ളുന്നതിന്‍റെയും വൃദ്ധമാതാവിനെ അസഭ്യം വിളിക്കുന്നതിന്‍റെയും വീഡിയോ പുറത്ത് വന്നിട്ടുണ്ട്. എസ്‌എച്ച്‌ഒ കെ വി സ്‌മിതേഷിനെ സസ്പെന്‍ഡ് ചെയ്‌ത് കേസെടുത്തെങ്കിലും ജാമ്യം കിട്ടാവുന്ന ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്. ഇതിലൂടെ എന്ത് സന്ദേശമാണ് ആഭ്യന്തര വകുപ്പും സര്‍ക്കാരും ജനങ്ങള്‍ക്ക് നല്‍കുന്നത്' - സതീശന്‍ ചോദിച്ചു.
സംഭവം ഇങ്ങനെ :മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡല പരിധിയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ വൃദ്ധമാതാവ് ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്ക് നേരെ പൊലീസിന്‍റെ അസഭ്യവർഷം. വണ്ടിയിൽ തട്ടിയെന്ന പേരിൽ ശനിയാഴ്‌ച രാത്രിയാണ് ധർമടം സ്വദേശി അനിൽ കുമാറിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. പൊലീസ് സ്‌റ്റേഷനിൽ നിന്ന് അനിൽ കുമാറിനെ ജാമ്യത്തിലെടുക്കാനാണ് കുടുംബാംഗങ്ങൾ സ്‌റ്റേഷനിൽ എത്തിയത്.
എന്നാൽ ധർമടം എസ്എച്ച്ഒ ഇൻസ്പെക്ടർ കെവി സ്‌മിതേഷ് ഇവർക്ക് നേരെ അസഭ്യവർഷം ചൊരിയുകയായിരുന്നു. ഇതിന് പുറമെ ഇവർ സഞ്ചരിച്ച കാറിന്‍റെ ചില്ല് ഇൻസ്പെക്‌ടർ തകർത്തതായും പരാതി ഉയർന്നിട്ടുണ്ട്. ബന്ധുക്കൾ ഇയാളുടെ പരാക്രമം റെക്കോഡ് ചെയ്‌തതോടെ വിഷയം വലിയ വിവാദമായി.
ഒടുക്കം ധർമടം എസ്എച്ച്ഒ ഇൻസ്പെക്ടർ കെവി സ്‌മിതേഷിനെ സസ്പെൻഡ് ചെയ്‌തു. കുടുംബത്തിന് നേരെ മോശമായ പെരുമാറ്റമാണുണ്ടായതെന്നും സംഭവ സമയത്ത് ഇൻസ്പെക്‌ടർ മദ്യലഹരിയിലായിരുന്നുവെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ബസ് ഉടമ മമ്പറം കീഴത്തൂർ ബിന്ദു നിവാസിൽ കെ സുനിൽകുമാർ, മാതാവ് രോഹിണി, സഹോദരൻ ബിജു, സഹോദരി ബിന്ദു , സഹോദരീ പുത്രൻ ദർശൻ എന്നിവർക്ക് നേരെയാണ് അധിക്ഷേപം ഉണ്ടായത്.