തിരുവനന്തപുരം:നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ സ്‌പീക്കർ തുടർച്ചയായി നിഷേധിക്കുന്നത് മുഖ്യമന്ത്രി വിരട്ടിയതുകൊണ്ടാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിനെതിരായി ഉന്നയിക്കുന്ന ചോദ്യങ്ങളെ ഭയന്ന് സ്‌പീക്കറെ ഭയപ്പെടുത്തി പ്രതിപക്ഷത്തിന്‍റെ അവകാശം തടയുകയാണ്. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്‍റെ വായമൂടി കെട്ടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്‌പീക്കര്‍ വിമര്‍ശനത്തിന് അതീതനല്ല:മുഖ്യമന്ത്രിയെ ഭയന്ന് പ്രതിപക്ഷത്തിന്‍റെ അവകാശം ഹനിച്ചാൽ സ്‌പീക്കറെയും വിമർശിക്കും. ദൈവം തെറ്റ് ചെയ്‌താലും ചോദിക്കും പിന്നെയല്ലേ സ്‌പീക്കറെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്‌പീക്കർ വിമർശനത്തിന് അതീതനാണെന്ന് പ്രതിപക്ഷം കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നലെ സ്‌പീക്കർക്കെതിരെ മാധ്യമങ്ങളോട് മോശമായി പരാമർശിച്ചു എന്ന വിമർശനം ശരിയല്ലെന്നും ഇന്നലെ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിക്കുന്നതിന് സ്‌പീക്കർ പറഞ്ഞ ചട്ടം നിലനിൽക്കുന്നതല്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.