കേരളം

kerala

ETV Bharat / state

'കേരളീയം ആഘോഷിച്ചോളൂ, സമയമുണ്ടെങ്കില്‍ സാധാരണക്കാരുടെ കണ്ണീര് കൂടി കാണണം': രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

VD Satheesan Ask CM To Point Out Keraleeyam Benefits: കേരളീയം എന്ത് നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറയണമെന്നും, സ്പോണ്‍സര്‍ഷിപ്പ് വിവരങ്ങളും പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു

VD Satheesan Ask CM To Point Out Keraleeyam  Keraleeyam Benefits  Keraleeyam 2023  VD Satheesan Against Keraleeyam  VD Satheesan Hits Pinarayi Vijayan  കേരളീയത്തിനെതിരെ വിഡി സതീശന്‍  മുഖ്യമന്ത്രിക്കെതിരെ വിഡി സതീശന്‍  കേരളീയത്തിന്‍റെ നേട്ടം ചോദിച്ച് വിഡി സതീശന്‍  കേരളീയം ചെലവ്  സാമൂഹിക ക്ഷേമ പെന്‍ഷനുകളുടെ അവസ്ഥ
VD Satheesan Ask CM To Point Out Keraleeyam Benefits

By ETV Bharat Kerala Team

Published : Nov 8, 2023, 6:39 PM IST

തിരുവനന്തപുരം: ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലും കോടികള്‍ ചെലവഴിച്ച് 'കേരളീയം' എന്ന പേരില്‍ സംഘടിപ്പിച്ച ധൂര്‍ത്തിലൂടെ എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളീയത്തിന് ആരൊക്കെയാണ് സ്പോണ്‍സര്‍ഷിപ്പ് നല്‍കിയതെന്നതിന്‍റെ വിശദവിവരങ്ങളും പുറത്തുവിടണം. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളത്തെ തള്ളിവിട്ട സര്‍ക്കാരാണ് ഒരു കൂസലുമില്ലാതെ പൊതുപണം ധൂര്‍ത്തടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രത്യേക പരിഗണന നല്‍കി പൊതുസമൂഹത്തിനൊപ്പം ചേര്‍ത്തുനിര്‍ത്തേണ്ട ആദിവാസി, ഗോത്ര വിഭാഗത്തില്‍പ്പെട്ടവരെ പ്രദര്‍ശന വസ്‌തുവാക്കിയത് സര്‍ക്കാരിന്‍റെ മനുഷ്യത്വമില്ലായ്‌മയാണ്. ഇത്തരമൊരു മനുഷ്യാവകാശ ലംഘനം നടത്തിയ ഫോക്‌ലോര്‍ അക്കാദമിക്കെതിരെ കടുത്ത നടപടി വേണം. തലസ്ഥാനത്ത് സര്‍ക്കാര്‍ പ്രദര്‍ശനത്തിന് വച്ച അവരും മനുഷ്യരാണെന്ന് പൊതുപണം കൊള്ളയടിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഭരണനേതൃത്വം ഓര്‍ക്കണമെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.

ഇതിനിടെ എന്തെല്ലാം മുടങ്ങി: കേരളീയം ധൂര്‍ത്ത് നടന്ന തിരുവനന്തപുരത്ത് നിന്നും അധികം അകലെയല്ലാത്ത ഭക്ഷ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ അവശ്യസാധനങ്ങള്‍ പോലും ഇല്ലെന്നത് സര്‍ക്കാര്‍ അറിഞ്ഞോ. എല്ലാത്തരം സാമൂഹിക ക്ഷേമ പെന്‍ഷനുകളും മുടങ്ങിയിട്ട് മാസങ്ങളായി. ആറു മാസമല്ലേ മുടങ്ങിയുള്ളൂവെന്ന് ചോദിക്കുന്ന ധനമന്ത്രി, പെന്‍ഷന്‍ ഔദാര്യമെന്നാണോ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു.

Also Read: 'പാരമ്പര്യവും തനിമയും പ്രദർശിപ്പിക്കാം, എന്നാല്‍ ആരെയും പ്രദർശന വസ്‌തുവാക്കാൻ പാടില്ല'; പ്രതികരിച്ച് കൃഷി മന്ത്രി

അക്കമിട്ട് വിമര്‍ശനം: എത്രകാലമായി കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനും ശമ്പളവും മുടങ്ങിയിട്ട്. രോഗക്കിടക്കയിലും പാവങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയിരുന്ന കാരുണ്യ പദ്ധതിയുടെ അവസ്ഥ എന്താണ്. ജനകീയ ഹോട്ടലുകള്‍ക്കുള്ള പണം നല്‍കാതെ എത്ര കുടുംബശ്രീ പ്രവര്‍ത്തകരെയാണ് നിങ്ങള്‍ കടക്കെണിയിലാക്കിയതെന്നും ജീവനക്കാര്‍ക്കുള്ള ഡിഎ കുടിശിക നല്‍കിയോ എന്നും അദ്ദേഹം വിമര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള മരുന്നും ചികിത്സയും ധനസഹായവും മുടങ്ങിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് എത്രനാളായി. കേരളീയത്തിലൂടെ കേരളത്തെ ഷോക്കേസ് ചെയ്യുന്നതിന്‍റെ തിരക്ക് കഴിഞ്ഞ സ്ഥിതിക്ക് ഇതിന് മറുപടി നല്‍കാന്‍ സെല്‍ ചുമതലയുള്ള മന്ത്രി തയാറാകുമെന്ന് കരുതുന്നു. നികുതി പിരിച്ചെടുക്കാന്‍ മെനക്കെടാത്ത നികുതി വകുപ്പിലെ ഉന്നതര്‍ കേരളീയം ധൂര്‍ത്തിന്‍റെ പേരില്‍ ക്വാറി ഉടമകളില്‍ നിന്നുള്‍പ്പെടെ പണം പിരിച്ചതും വിവാദമായിട്ടുണ്ട്. ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. ഉദ്യോഗസ്ഥരും പാര്‍ട്ടി നേതാക്കളും അനധികൃത പണപ്പിരിവിന്‍റെ മറവില്‍ നടത്തിയ അഴിമതിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണനേതൃത്വത്തിന് ഒഴിഞ്ഞു മാറാനാകില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഇല്ലാത്ത പണം കടമെടുത്ത്, കോടികള്‍ പൊടിച്ച് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത് നല്ല ഭരണത്തിന്‍റെ ഉദാഹരണമല്ല. പൗര പ്രമുഖര്‍ക്കൊപ്പം മുഖ്യമന്ത്രി കേരളീയം ആഘോഷിച്ചോളൂ. ഇനി സമയമുണ്ടെങ്കില്‍ ചുറ്റുമുള്ള നിസഹായരായ സാധാരണക്കാരുടെ കണ്ണീര് കൂടി കാണണമെന്നും വിഡി സതീശന്‍ പരിഹസിച്ചു.

ABOUT THE AUTHOR

...view details