തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം (Rahul Mamkootathil bail) നിഷേധിക്കാൻ മെഡിക്കൽ പരിശോധന അട്ടിമറിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മജിസ്ട്രേറ്റിന്‍റെ നിർദ്ദേശ പ്രകാരം ജനറൽ ആശുപത്രിയിൽ രണ്ടാമത് നടത്തിയ മെഡിക്കൽ പരിശോധന ആർഎംഒയെ സ്വാധീനിച്ച് അട്ടിമറിച്ചുവെന്നാണ് വി ഡി സതീശന്‍റെ ആരോപണം. രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ ബുക്ക്‌ലെറ്റ് റിലീസ് ചെയ്‌തതിന് ശേഷം കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎംഒയെ സ്വാധീനിച്ച് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായും, എന്ത് തോന്നിവാസമാണ് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാഹുലിനെ ജയിലിൽ അടയ്ക്കുന്നതിന് വേണ്ടി കന്‍റോൺമെന്‍റ് എസ്എച്ച്ഒ, ആർഎംഒ എന്നിവരെ വച്ച് സർക്കാർ അധികാരം ദുരുപയോഗിക്കുന്നതായും സതീശൻ (V D Satheesan) കുറ്റപ്പെടുത്തി. ഒരു ഉദ്യോഗസ്ഥനെയും വെറുതെ വിടില്ല. നിയമവിരുദ്ധമായി നടപടിയെടുത്ത എല്ലാവരുടെയും പിറകെ പാർട്ടി ഉണ്ടാകും.
രാഹുൽ ജാമ്യാപേക്ഷയ്ക്കായി കോടതിയിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കാൻ സർക്കാരിനെയും സിപിഎമ്മിനെയും അദ്ദേഹം വെല്ലുവിളിച്ചു. എത്ര വില കുറഞ്ഞ രാഷ്ട്രീയമാണിത്. എം വി ഗോവിന്ദൻ ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വമാണ് മൂന്നാംകിട വർത്തമാനം പറഞ്ഞ് നശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യത്തിനായി കള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് എം വി ഗോവിന്ദൻ ആരോപിച്ചിരുന്നു (M V Govindan Against Rahul Mamkootathil). സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനമാണ് സതീശൻ ഉന്നയിച്ചത്.
സർക്കാർ അധികാരം ദുരുപയോഗം ചെയ്യുന്നതിൽ ആഹ്ളാദിക്കുകയും ആനന്ദം കണ്ടെത്തുകയുമാണ്. സർക്കാരിന് ഉപദേശം കൊടുക്കുന്നവർ അവരുടെ ശത്രുക്കളാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ഓരോ ദിവസവും കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. പൊലീസിനെ ഉപയോഗിച്ചുകൊണ്ട് ഭരണകൂട ഭീകരത കേരളത്തിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.