തിരുവനന്തപുരം : നൂറ് ദിവസം പിന്നിടുന്ന വിഴിഞ്ഞം സമരത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരം നടത്തുന്ന പാവങ്ങളോട് സംസാരിക്കാത്ത ഒരു മുഖ്യമന്ത്രിയെ കേരളത്തിന് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. വിഴിഞ്ഞം സമരപരിഹാരത്തിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്ക് ആരോടാണ് ധാര്‍ഷ്ട്യം ?. നിവൃത്തിയില്ലാത്ത പാവങ്ങളോടാണോ. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരാളിന് എന്തിനാണ് ഇത്ര ഈഗോയെന്നും സതീശന്‍ വിമർശിച്ചു. നിരന്തരം കടലെടുത്തും കാറ്റെടുത്തും ജീവിതം തകര്‍ന്നുപോയ മനുഷ്യരുടേതാണ് വിഴിഞ്ഞം സമരം. അവിടെ നിരന്തരം തീരശോഷണം സംഭവിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.