കേരളം

kerala

ETV Bharat / state

VD Satheesan Against V Sivankutty | കിലയിലെ പിൻവാതിൽ നിയമനം : മാന്യതയുണ്ടെങ്കില്‍ വി ശിവൻകുട്ടി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് - വിഡി സതീശൻ

Illegal appointment in Kerala Institute of Local Administration | മുന്‍കൂര്‍ അനുവാദമില്ലാതെ കിലയില്‍ നിയമനങ്ങള്‍ പാടില്ലെന്ന 2019 ഓഗസ്റ്റ് 21-ലെ മന്ത്രിസഭാതീരുമാനം മറികടന്നാണ് ശിവന്‍കുട്ടി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയത്. അതുകൊണ്ടുതന്നെ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയ്‌ക്ക്, ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് വിഡി സതീശൻ

VD Satheesan Against V Sivankutty  illegal appointment in KILA  കിലയിലെ പിൻവാതിൽ നിയമനം  Kerala Institute of Local Administration  വി ശിവൻകുട്ടി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ്  വി ശിവൻകുട്ടി  വിഡി സതീശൻ  VD Satheesan press release
VD Satheesan Against V Sivankutty on illegal appointment in Kerala Institute of Local Administration

By ETV Bharat Kerala Team

Published : Oct 11, 2023, 6:05 PM IST

തിരുവനന്തപുരം: കില ചെയര്‍മാനായിരുന്നപ്പോഴും നിലവില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കിലയില്‍ വി ശിവൻകുട്ടി നടത്തിയ മുഴുവന്‍ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിക്ക് ഒരു നിമിഷം സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. അല്‍പമെങ്കിലും രാഷ്ട്രീയ മര്യാദയും മാന്യതയും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോയി അന്വേഷണം നേരിടാന്‍ വി ശിവന്‍കുട്ടി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു (VD Satheeshan Against V Sivankutty).

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ പിന്‍വാതിലിലൂടെ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെയും സ്വന്തക്കാരെയും നിയമിക്കുന്നത് യുവജനങ്ങളോടും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്ന ധന വകുപ്പിന്‍റെ നിര്‍ദേശം മറികടന്നാണ് ഡിവൈഎഫ്ഐ വനിത നേതാവിന്‍റെ നിയമനം സ്ഥിരപ്പെടുത്താന്‍ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടത്. പബ്ലിസിറ്റി അസിസ്റ്റന്‍റ്, പ്രൊജക്‌ട് കോര്‍ഡിനേറ്റര്‍, പ്യൂണ്‍ തസ്‌തികകളില്‍ ഉള്‍പ്പടെ കിലയില്‍ 10 പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയത് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മൂന്നരക്കോടി ജനങ്ങള്‍ക്ക് വേണ്ടിയല്ല പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടിയുള്ള ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തുന്നത്. എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനങ്ങളാണ്. പാര്‍ട്ടിക്കാരായ ആളുകളെ കൂട്ടത്തോടെ നിയമിച്ചതോടെ കിലയിലെ ശമ്പളച്ചെലവ് 39 ലക്ഷത്തില്‍ നിന്ന് 64 ലക്ഷമായി വർധിച്ചു. മുന്‍കൂര്‍ അനുവാദമില്ലാതെ കിലയില്‍ നിയമനങ്ങള്‍ പാടില്ലെന്ന 2019 ഓഗസ്റ്റ് 21-ലെ മന്ത്രിസഭ തീരുമാനത്തെ പോലും മറികടന്നാണ് ശിവന്‍കുട്ടി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയത്. മന്ത്രിസഭ തീരുമാനം ഒരു മന്ത്രി തന്നെ അട്ടിമറിച്ച സാഹചര്യത്തില്‍ മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുമുണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

എന്താണ് കില..? :സംസ്ഥാന സർക്കാരിന്‍റെ തദ്ദേശഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള സ്ഥാപനമാണ് കില (Kerala Institute of Local Administration). തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും, ജനകീയാസൂത്രണ പ്രവർത്തകരുടെയും പരിശീലനവും, ഗവേഷണവും സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഏജൻസിയായാണ് കില നിലകൊള്ളുന്നത്. സർക്കാരിന്‍റെ നയരൂപവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കില ഉൾപ്പെടുന്നുണ്ട്. തദ്ദേശഭരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ, സെമിനാറുകൾ, ശില്‍പശാലകള്‍, ചർച്ചകൾ, തുടങ്ങിയവയും കില സംഘടിപ്പിക്കാറുണ്ട്. 1990-ലാണ് കില രൂപീകരിച്ചത്.

ABOUT THE AUTHOR

...view details