കേരളം

kerala

ETV Bharat / state

'മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗം'; 'ദ കേരള സ്റ്റോറി'ക്കെതിരെ വിഡി സതീശന്‍ - ഇസ്ലാമിക് സ്റ്റേറ്റ്

ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്‌ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ചിത്രമെന്നും വി ഡി സതീശൻ

വി ഡി സതീശന്‍  ദ കേരള സ്റ്റോറി  vd satheesan on the kerala story  VD SATHEESAN AGAINST THE KERALA STORY MOVIE  THE KERALA STORY  VD SATHEESAN  THE KERALA STORY MOVIE CONTROVERSY  ഇസ്ലാമിക് സ്റ്റേറ്റ്  ദി കേരള സ്റ്റോറി ചിത്രത്തിനെതിരെ വി ഡി സതീശൻ
ദ കേരള സ്റ്റോറിക്കെതിരെ വി ഡി സതീശന്‍

By

Published : Apr 28, 2023, 4:43 PM IST

തിരുവനന്തപുരം: കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്‌ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന് പച്ചക്കള്ളം പറയുന്ന 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്നും ഈ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിർക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം:കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന് പച്ചക്കള്ളം പറയുന്ന 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ പ്രശ്‌നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്‌ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്.

സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകന്‍ സുദിപ്തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. രാജ്യാന്തരതലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം.

രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. മതസ്‌പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. അതാണ് ഈ നാടിന്‍റെ പാരമ്പര്യം.

മനുഷ്യനെ മതത്തിന്‍റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്‍റെ അടിവേര് വെട്ടണം. മാനവികത എന്ന വാക്കിന്‍റെ അര്‍ഥം സംഘ പരിവാറിന് ഒരിക്കലും മനസിലാകില്ല. വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ടെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വി ഡി സതീശന്‍ വ്യക്തമാക്കി.

വിപുല്‍ അമൃത് ലാല്‍ നിര്‍മിച്ച് സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് 'ദ കേരള സ്റ്റോറി'. കേരളത്തിലെ കോളജിലെ മൂന്ന് പെണ്‍കുട്ടികളെ സുഹൃത്ത് മതം മാറാൻ പ്രേരിപ്പിക്കുന്നതും ഒടുവിൽ ഇവരെ രാജ്യത്തിനകത്തും പുറത്തും ഭീകര പ്രവർത്തനത്തിന് ഉപയോഗിക്കുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ഇത്തരത്തിൽ കേരളത്തിൽ നിന്ന് 32,000 സ്ത്രീകളെ കാണാതായെന്നാണ് ചിത്രത്തിലൂടെ പറഞ്ഞ് വയ്‌ക്കുന്നത്. ട്രെയിലർ റിലീസ് ചെയ്‌തതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ വിമർശനം ശക്‌തമായത്. കഴിഞ്ഞ വർഷം സ്‌നീക്ക് പീക്ക് വീഡിയോ പുറത്തിറക്കിയപ്പോൾ തന്നെ ചിത്രത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

പിന്നാലെ ചിത്രം കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ച് ചിത്രത്തിനെതിരെ തമിഴ് മാധ്യമ പ്രവർത്തകൻ ബി.ആർ അരവിന്ദാക്ഷൻ കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. പിന്നാലെ ഹൈടെക് സെൽ ഇക്കാര്യത്തിൽ പ്രഥമിക അന്വേഷണം നടത്തുകയും വ്യാജമായ വിവരങ്ങൾ ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്‌തുന്നു.

തുടർന്ന് ചിത്രത്തിനെതിരെ കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് ഡിജിപി നിർദേശവും നൽകിയിരുന്നു. മെയ്‌ അഞ്ചിനാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details