വിഡി സതീശന്‍ മാധ്യമങ്ങളോട് തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ആഭ്യന്തരമന്ത്രിയും സൂപ്പർ ഡിജിപിയും ചമയുകയാണെന്ന രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പച്ചക്കള്ളമാണ് ദേശാഭിമാനിയും എംവി ഗോവിന്ദനും ആവർത്തിച്ചതെന്ന് വ്യക്തമായി. ഈ സാഹചര്യത്തിൽ ദേശാഭിമാനിക്കും എംവി ഗോവിന്ദനുമെതിരെ കേസെടുക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
ഹീനമായ ആക്രമണമാണ് കെ സുധാകരനെതിരെ നടക്കുന്നത്. ആരെയും എങ്ങനെ വേണമെങ്കിലും അപകീർത്തിപ്പെടുത്താമെന്ന സ്ഥിതിയാണ് ഇപ്പോൾ. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ എന്ത് മാർഗവും സ്വീകരിക്കും എന്നുള്ളതിന്‍റെ തെളിവാണ് ഗോവിന്ദന്‍റെ ആരോപണം. ഇരുവർക്കുമെതിരെ കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോവും. കേരള രാഷ്ട്രീയത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിൽ ഒന്നാണ് ഇത്. സിപിഎം സൈബർ ഗുണ്ടകൾ നടത്തുന്ന ആക്രമണത്തിന് സമാനമായ അതേ നിലവാരമുള്ള പ്രവർത്തിയാണ് പാർട്ടി സെക്രട്ടറി നടത്തിയിരിക്കുന്നത്.
തനിക്ക് ഈ വിവരം ക്രൈംബ്രാഞ്ചിൽ നിന്നുമാണ് ലഭിച്ചതെന്ന പച്ചക്കള്ളമാണ് ഗോവിന്ദൻ പറഞ്ഞത്. ക്രൈംബ്രാഞ്ച് വിളിച്ച് റിപ്പോർട്ട് ചെയ്യാൻ ഗോവിന്ദൻ ആരാണെന്നും പാർട്ടി സെക്രട്ടറിക്കാണോ ക്രൈംബ്രാഞ്ച് റിപ്പോർട്ട് ചെയ്യുന്നതെന്നും സതീശൻ ചോദിച്ചു. അദ്ദേഹം ആ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് സിപിഎം തന്നെ തീരുമാനിക്കട്ടെ. ഗോവിന്ദൻ ചെയ്‌തത് ക്രിമിനൽ കുറ്റമാണ്. പൊലീസ് അടിയന്തരമായി നടപടി സ്വീകരിക്കണം. പ്രതിപക്ഷ നേതാക്കന്മാരെ അപകീർത്തിപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുകൊണ്ട് നടത്തുന്ന ഗൂഢാലോചനയാണിത്. ആ ഗൂഢാലോചനയ്ക്ക് എംവി ഗോവിന്ദനും കൂട്ടുനിൽക്കുകയാണ്.
ALSO READ |POCSO Case | 'ആ രഹസ്യമൊഴി എംവി ഗോവിന്ദൻ എങ്ങനെയറിഞ്ഞു' ; നുണ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുധാകരന്‍
പാർട്ടിയും മുഖ്യമന്ത്രിയുടെ ഓഫിസും ചേർന്ന് നടത്തുന്ന ഗൂഢാലോചനയാണിത്. ഇതുപോലെയാണ് ഉമ്മൻചാണ്ടിയേയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത്. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സുധാകരനെതിരെ പരാതി നൽകിയിരിക്കുന്ന സമീർ എന്ന വ്യക്തിക്ക് സിപിഎമ്മുമായി ബന്ധമുണ്ട്. ഈ വ്യക്തിയാണ് നിരന്തരം ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുനർജനി വിഷയത്തിലും സതീശൻ പ്രതികരിച്ചു. ഇത് നേരത്തെ ഉണ്ടായിരുന്ന വിഷയമാണെന്നും അത് അവസാനിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതേ അന്വേഷണ യൂണിറ്റ് തന്നെയാണ് അന്വേഷിച്ച് കേസ് അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയും കണ്ടതാണ് ആ ഫയൽ. കെ ഫോണിനെതിരെയും എഐ ക്യാമറയ്‌ക്കെതിരെയും സർക്കാർ നടത്തുന്ന നിരവധി അഴിമതികൾക്കെതിരെയും ശബ്‌ദമുയർത്തുമ്പോൾ ഇല്ലാത്ത കേസ് ആകാശത്തുനിന്ന് തനിയെ പൊട്ടിവീഴും. തനിക്കെതിരായ കേസ് അന്വേഷിക്കട്ടേയെന്നും സതീശൻ പറഞ്ഞു.
എസ്എഫ്ഐക്കെതിരെയും വിമർശനം: എസ്എഫ്ഐ നേതാക്കൾ ജനങ്ങളെ ചിരിപ്പിക്കരുതെന്ന് സതീശൻ പരിഹസിച്ചു. വ്യാപക തട്ടിപ്പാണ് എസ്എഫ്ഐ നടത്തുന്നതെന്നും സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും സതീശൻ ചോദിച്ചു. ബികോം പാസാകാതെ വേറെ സർട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് അഡ്‌മിഷൻ കിട്ടിയ ആളെക്കുറിച്ച് പരിശോധന നടത്തിയത് ആരാണ്. പരീക്ഷയെഴുതാതെ പാസായി എന്ന ആരോപണം നേരിടുന്ന ആൾ ആരാണ്. വ്യാപകമായ തട്ടിപ്പുകളാണ് ഇങ്ങനെ നടക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.