തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്നാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇരുവരും ഒരുമിച്ചുചേര്‍ന്ന് ഒന്‍പത് വൈസ് ചാന്‍സലര്‍മാരെയും നിയമിച്ച ശേഷം ഒരു പ്രതി മറ്റൊരു പ്രതിക്കെതിരെ സമരം ചെയ്യുകയാണ്. സുപ്രീംകോടതി വിധിക്കെതിരായ ഈ സമരത്തെ ജനങ്ങള്‍ തമാശയായി മാത്രമേ കാണുകയുള്ളൂവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ALSO READ |വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ അനുവദിക്കില്ല: എം വി ഗോവിന്ദന്‍
'ശ്രമം വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍':ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ത്ത് തരിപ്പണമാക്കിയതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നും കൈകഴുകാന്‍ വേണ്ടിയുള്ള നാടകമാണ് രാജ്ഭവന്‍ സമരം. ഇത് കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ നിന്നും രൂക്ഷമായ വിലക്കയറ്റത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ജില്ല സെക്രട്ടറിക്കയച്ച കത്ത് എങ്ങോട്ടുപോയി.
കത്ത് കത്തിച്ചെങ്കില്‍ തെളിവ് നശിപ്പിച്ചതിന് കേസെടുക്കില്ല. രണ്ട് കത്തുകളും പോയത് പിഎസ്‌സിയിലേക്കോ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിലേക്കോ അല്ല, സിപിഎം ജില്ല സെക്രട്ടറിയുടെ കൈയിലേക്കാണ്. കത്ത് നല്‍കിയത് ജില്ല സെക്രട്ടറി ആയതിനാല്‍ കത്ത് നശിപ്പിച്ചതും ജില്ല കമ്മിറ്റി ഓഫിസിലായിരിക്കും.
'കത്ത് കൊടുത്തിട്ടില്ലെന്ന് പറയുന്നത് സെക്രട്ടറിയെ രക്ഷിക്കാന്‍':സിപിഎം നേതൃത്വത്തിന്‍റേയും മുഖ്യമന്ത്രിയുടേയും അറിവോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന ഒരു കേസിലെ തെളിവുനശിപ്പിച്ചത്. ഫോണില്‍ കൂടി മൊഴിയെടുത്തും അന്വേഷണം നടത്തിയും അവസാനം പ്രധാന തെളിവായ കത്ത് ഇല്ലാതായി. തെളിവ് നശിപ്പിച്ച ജില്ല സെക്രട്ടറിയെ പ്രതിയാക്കി കേസെടുക്കണം. ജില്ല സെക്രട്ടറിയെ രക്ഷിക്കാനാണ് കത്ത് കൊടുത്തിട്ടില്ലെന്ന് പറയുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം വെറും നാടകമാണെന്നും വിഡി സതീശന്‍ ആരോപിച്ചു.