തിരുവനന്തപുരം :കേരളത്തിലെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്‍ ഡ്രൈവറുടെ പഴയകാല മൊഴിയനുസരിച്ച് വീണ്ടും കേസെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ആരോപണങ്ങളുടെ ശരശയ്യയില്‍ നില്ക്കുന്ന സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി മനപ്പൂര്‍വം കള്ളക്കേസുകളുണ്ടാക്കുകയാണ്. സിപിഎം ഗുണ്ടകള്‍ കൊലക്കത്തിയുമായി നില്ക്കുന്ന സ്ഥലത്തേക്ക് സുധാകരനെ കൊണ്ടുപോവാന്‍ ഗൂഢാലോചന നടത്തിയതിനാണ് ഡ്രൈവറെ നീക്കംചെയ്തതെന്നും വിഡി സതീശന് പറഞ്ഞു.
ഡ്രൈവറെ പുറത്താക്കിയതിന്റെ വിദ്വേഷം തീര്‍ക്കാന്‍ കാലങ്ങളായി വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞ് നടക്കുന്ന ഒരാളുടെ പഴയകാല മൊഴിയിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. അന്വേഷിക്കുന്നതില്‍ യാതൊരു വിരോധവുമില്ല. പക്ഷേ, ദേശാഭിമാനി മുന്‍ പത്രാധിപ സമിതി അംഗമായ ജി ശക്തിധരന് മുഖ്യമന്ത്രിക്കെതിരെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലും അന്വേഷിക്കണം. വിവിധ ആളുകളില്‍ നിന്ന് ശേഖരിച്ച രണ്ടുകോടി മുപ്പത്തി അയ്യായിരം രൂപ കലൂരിലെ ദേശാഭിമാനി ഓഫിസില്‍ വച്ച് കൈതോലപ്പായയില്‍ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നാണ് വെളിപ്പെടുത്തലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'ആ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ധൈര്യമുണ്ടോ ? ':പാര്‍ട്ടിജാഥ നടത്തുന്ന സമയത്ത്, കലൂരിലെ ദേശാഭിമാനിയില്‍ രണ്ട് ദിവസം താമസിക്കാന്‍ സാധിക്കുന്നത് പിണറായി വിജയനല്ലാതെ മറ്റാര്‍ക്കുമാവില്ല. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗം കൂടി അന്ന് ആ കാറിലുണ്ടായിരുന്നെന്നും വെളിപ്പെടുത്തലുണ്ട്. ഇതുകൂടാതെ 25 ലക്ഷം രൂപ തിരുവനന്തപുരത്ത് വാങ്ങിയതിന്റെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പിണറായിയുടെ സഹപ്രവര്‍ത്തകനും ഒപ്പമിരുന്ന് പണം എണ്ണി തിട്ടപ്പെടുത്തുകയും ചെയ്തയാളുടേതാണ് ഈ വെളിപ്പെടുത്തല്‍. അതേക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?.
10 ലക്ഷം രൂപ എണ്ണിക്കൊടുക്കുന്നത് കണ്ടെന്ന മോന്‍സന്റെ ഡ്രൈവറുടെ മൊഴിയിലാണ് കെ സുധാകരനെതിരെ കേസെടുത്തത്. ഇവിടെ 10 ലക്ഷമല്ല, രണ്ടുതവണയായി രണ്ടുകോടി അമ്പത്തഞ്ച് ലക്ഷം കൊണ്ടുപോകുന്നത് കണ്ടെന്ന മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ ടൈം സ്ക്വയര്‍ വരെ അറിയപ്പെടുന്നയാള്‍ക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താത്തത്?. ആഭ്യന്തര വകുപ്പ് മന്ത്രിയുടെ പദവിയില്‍ നിന്ന് മാറിനിന്ന് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ?.
ഡ്രൈവറുടെ മൊഴിയില്‍ സുധാകരനെതിരെ കേസെടുത്തവര്‍ പണം എണ്ണിത്തിട്ടപ്പെടുത്തി നല്കിയ ആളുടെ വെളിപ്പെടുത്തലില്‍ കേസെടുക്കാതിരിക്കുന്നത് ഇരട്ടനീതിയാണ്. കെ സുധാകരനും പ്രതിപക്ഷ നേതാവിനുമെതിരെ കേസെടുത്ത മുഖ്യമന്ത്രി ദേശാഭിമാനി മുന്‍ പ്രത്രാധിപ സമിതി അംഗത്തിന്റെ വെളിപ്പെടുത്തലിലും കേസെടുക്കണം. ഇതിനേക്കാള്‍ ഗുരുതര വെളിപ്പെടുത്തലുണ്ടെന്നാണ് ശക്തിധരന് പറയുന്നത്. ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുന്നുമുണ്ട്. പണം എങ്ങോട്ടാണ് കൊണ്ടുപോയതെന്നും എവിടെ നിന്നാണ് പണം കിട്ടിയതെന്നും അന്വേഷിക്കണം.
ഏത് മന്ത്രിയുടെ കാറിലാണ് പണം കൊണ്ടുപോയത് എന്ന് ശക്തിധരന് തന്നെ വെളിപ്പെടുത്തട്ടെ. ദേശാഭിമാനിക്ക് ചെമ്പോല, കൈതോല തുടങ്ങിയ ഓലകളോട് ഒരു പ്രത്യേക സ്നേഹമാണ്. ലീഡ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ബെംഗളൂരുവിലെ മാധ്യമപ്രവര്‍ത്തകയായ സന്ധ്യ രവിശങ്കര്‍ ഗുരുതരമായ വെളിപ്പെടുത്തലാണ് പിണറായി വിജയനെതിരെ നടത്തിയിരിക്കുന്നത്. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുമായി ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് 1,500 ഏക്കര്‍ സ്ഥലം തമിഴ്നാട്ടിലും കേരളത്തിലും സ്വന്തമാക്കിയെന്നാണ് വെളിപ്പെടുത്തലെന്നും സതീശന് ചൂണ്ടിക്കാട്ടി.