കേരളം

kerala

ETV Bharat / state

'എഐ ക്യാമറ പദ്ധതി രണ്ടാം ലാവലിൻ'; എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസെന്ന് വിഡി സതീശന്‍ - കെൽട്രോൺ

എഐ ക്യാമറ പദ്ധതി അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് ടെന്‍ഡറുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങളും ഉന്നയിച്ചു

VD Sateesan against Government  VD Sateesan against Chief Minister  VD Sateesan on AI Camera project  AI Camera project  VD Sateesan  Opposition Leader  SNC Lavalin  എഐ ക്യാമറ പദ്ധതി രണ്ടാം ലാവലിൻ  എഐ ക്യാമറ  അഴിമതിയുടെയും പ്രഭവ കേന്ദ്രം  മുഖ്യമന്ത്രിയുടെ ഓഫിസ്  മുഖ്യമന്ത്രി  വി ഡി സതീശന്‍  പ്രതിപക്ഷ നേതാവ്  എഐ ക്യാമറ പദ്ധതി  കെൽട്രോൺ ടെൻഡർ ഡോക്യുമെന്‍റ്  കെൽട്രോൺ  ടെൻഡർ
എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ്'; വിമര്‍ശനവുമായി വി.ഡി സതീശന്‍

By

Published : Apr 27, 2023, 4:25 PM IST

പ്രതിപക്ഷ നേതാവ് പ്രതികരിക്കുന്നു

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ കൊണ്ടുവന്ന എഐ ക്യാമറ പദ്ധതി, സമാനകാലത്ത് കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ടാം എസ്എൻസി ലാവലിനാണ് എഐ ക്യാമറ പദ്ധതി. വലിയ അഴിമതി സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ജുഡീഷ്യൽ അന്വേഷണ പരിഗണനയിൽ വരേണ്ട ഏഴ് ആവശ്യങ്ങളും പ്രതിപക്ഷ നേതാവ് മുന്നോട്ടുവച്ചു:

  • കെൽട്രോൺ ടെൻഡർ ഡോക്യുമെന്‍റ് പ്രകാരം സാങ്കേതികമായും, സാമ്പത്തികമായും യോഗ്യതയുള്ള ഒഇഎം (ഒറിജിനല്‍ എക്യുപ്‌മെന്‍റ് മാനുഫാക്‌ചറര്‍) അല്ലെങ്കിൽ ഒഇഎമ്മിന്‍റെ ഓതറൈസ്‌ഡ് വെന്‍ഡര്‍ക്ക് മാത്രമെ ടെൻഡർ നൽകാൻ സാധിക്കുകയുള്ളു എന്ന് നിഷ്‌കർഷിക്കുന്നു. എന്നാൽ എഐ ക്യാമറ സംബന്ധിച്ച് യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത ഒഇഎം അല്ലെങ്കിൽ ഒഇഎമ്മിന്‍റെ ഓതറൈസ്‌ഡ് വെന്‍ഡര്‍ അല്ലാത്ത എസ്ആർഐടി എന്ന സ്ഥാപനത്തിന് ടെൻഡർ വ്യവസ്ഥകൾക്ക് വിരുദ്ധമായി കരാർ നൽകിയത് എന്തുകൊണ്ട്?
  • കെൽട്രോൺ ടെൻഡർ ഡോക്യുമെന്‍റ് പ്രകാരം ഡാറ്റ സെക്യൂരിറ്റി, ഡാറ്റ ഇന്‍റഗ്രിറ്റി, കോണ്‍ഫിഗറേഷന്‍ ഓഫ് ദ എക്യുപ്‌മെന്‍റ്, ഫെസിലിറ്റി മാനേജ്‌മെന്‍റ് എന്നിവയടങ്ങുന്ന സുപ്രധാനമായ പ്രവൃത്തികൾ ഉപകരാറായി നൽകാൻ പാടില്ല എന്ന വ്യവസ്ഥകൾക്ക് വിപരീതമായി എസ്ആർഐടി ഉപകരാർ നൽകിയത് എന്തുകൊണ്ട്?
  • ഹൈവേകളും, പാലങ്ങളും, അടക്കം പണിയുന്ന എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത അശോക ബിൽഡ്കോൺ ലിമിറ്റഡ് എന്ന എസ്ആർഐടിഎല്ലിന്‍റെ കരാർ ജോലികൾ നിർവഹിക്കുന്ന സ്ഥാപനത്തിന് എസ്ആർഐടിഎല്ലിന് കരാർ ലഭിക്കാൻ കാര്‍ടെല്‍ (Cartel) ഉണ്ടാക്കാൻ സാഹചര്യമൊരുക്കിയതിന്‍റെ കാരണം വിശദമാക്കാമോ?
  • സ്വന്തമായി കരാർ നിർവഹിക്കാൻ സാമ്പത്തികമായി സാധികാത്ത എസ്ആർഐടി എന്ന സ്ഥാപനം കരാർ ലഭിച്ച ഉടൻ തന്നെ സാമ്പത്തികമായി സഹായം ലഭ്യമാക്കാൻ ആദ്യം അൽഹിന്ദ് എന്ന സ്ഥാപനവുമായും, ശേഷം ലൈറ്റ്മാസ്റ്റർ, പ്രസാഡിയോ എന്നീ സ്ഥാപനങ്ങളുമായും കരാർ വ്യവസ്ഥകൾക്ക് വിപരീതമായി ഉപകരാറുകൾ ഉണ്ടാക്കാൻ അനുമതി നൽകിയത് എന്തിനാണ്?. ഏപ്രിൽ 12 ലെ മന്ത്രിസഭ യോഗത്തിൽ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമർപ്പിച്ച രേഖകളിൽ നിന്നും കരാർ നേടിയ കമ്പനിയുടെ വിവരങ്ങൾ മറച്ചുവച്ചത് എന്തുകൊണ്ട്?
  • കെൽട്രോൺ നൽകിയ കരാറിലെ എല്ലാ ജോലികളും എസ്ആർഐടി ഉപകരാരാറായി മറ്റ് സ്ഥാപനങ്ങളെ ഏല്‍പിച്ചുകൊണ്ട് എസ്ആർഐടിക്ക് മൊത്തം തുകയുടെ ആറ് ശതമാനം, അതായത് ഒമ്പത് കോടി സർവീസ് ഫീസിനത്തിൽ (കമ്മിഷൻ) നൽകാനുള്ള വ്യവസ്ഥ ടെൻഡർ വ്യവസ്ഥകൾക്ക് വിപരീതമല്ലേ? ഈ നിയമലംഘനം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് എന്തുകൊണ്ടാണ്?
  • സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാൽ കരാർ നേടിയെടുക്കുന്ന ഘട്ടത്തിൽ എസ്ആർഐടി ടെക്നോ പാർക്കിലേയും, ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലേയും രണ്ട് കമ്പനികളുടെ അണ്ടർടേക്കിങ് കെൽട്രോണിന് നൽകിയിരുന്നോ?
  • കെൽട്രോൺ ടെൻഡർ ഡോക്യുമെന്‍റ് പ്രകാരം കൺട്രോൾ റൂം അടക്കമുള്ള ജോലികൾക്കാണ് എസ്ആർഎൽടിക്ക് ടെൻഡർ നൽകിയിരിക്കുന്നത് എന്നിരിക്കെ മെയ്‌ന്‍റനന്‍സിനായി 66 കോടി രൂപ അധികമായി കണക്കാക്കിയത് എന്തിനാണ്? എന്നിവയാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.

അതേസമയം, വ്യവസായ സെക്രട്ടറി അന്വേഷിക്കുമെന്ന് പറയുന്ന വ്യവസായ മന്ത്രി പി രാജീവ് തന്നെ ഈ പദ്ധതിയുടെ എല്ലാ ഇടപാടുകളെയും ന്യായീകരിക്കുകയാണ്. മന്ത്രി പറഞ്ഞത് തെറ്റാണെന്ന് കണ്ടെത്തുന്ന ഒരു അന്വേഷണം സെക്രട്ടറി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണത്തിനും മന്ത്രി മറുപടി പറഞ്ഞില്ലെന്നും വിവാദങ്ങൾ ഉയർന്ന് ദിവസങ്ങൾ കഴിഞ്ഞാണ് കെൽട്രോണിന് ഒരു നാഥൻ ഉണ്ടെന്ന് തന്നെ മനസിലായതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. ആരോപണങ്ങൾക്ക് മറുപടി പറയാതെ കെല്‍ട്രോണിനെ തകർക്കുന്നു എന്ന് പറഞ്ഞ രക്ഷപ്പെടാനാണ് മന്ത്രി ശ്രമിച്ചതെന്നും ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദമായ കരാർ ഒപ്പിടുന്ന സമയത്ത് കെൽട്രോൺ എംഡിയായിരുന്നയാൾ ഇപ്പോൾ ഊരാളുങ്കൽ സൊസൈറ്റി വൈസ് പ്രസിഡൻ്റാണ്. മുഖ്യമന്ത്രിയുമായി ബന്ധമുള്ള കണ്ണൂർ കറക്കുകമ്പനിയാണ് ഈ തട്ടിപ്പിന് പിന്നിൽ എന്ന ആരോപണം വീണ്ടും ഉന്നയിക്കുന്നുവെന്നും ടെൻഡർ നടപടിയിലടക്കം പങ്കെടുത്തത് പരസ്‌പര ബന്ധമുള്ള കമ്പനികളാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയാൽ പണം എവിടെപ്പോയെന്ന് കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണ്. സ്വർണക്കടത്ത്, ലൈഫ് മിഷൻ, ക്യാമറ അഴിമതി എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയാണ്. ഊരാളുങ്കൽ ബന്ധമടക്കം ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിൽ ഒരു അരോപണം ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്ന് പറയുന്ന ഗതാഗതമന്ത്രി ഇക്കാര്യം ക്യാബിനറ്റ് നോട്ടിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടെന്നതിന് മറുപടി പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

വിജിലൻസ് അന്വേഷണം നടക്കുന്ന പദ്ധതിക്ക് എങ്ങനെ മന്ത്രിസഭ അനുമതി നൽകി. മുഖ്യമന്ത്രി എങ്ങനെ ആഘോഷപൂർവം ഉദ്ഘാടനം നടത്തി. ഈ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ടെൻഡർ പോലുമില്ലാതെ കോടാനുകോടി രൂപയുടെ പദ്ധതികളാണ് സർക്കാർ അടക്കമുള്ള കമ്പനികൾക്ക് കരാർ നൽകുന്നതെന്നും വരും ദിവസങ്ങളിൽ ഇക്കാര്യങ്ങൾ പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details