തിരുവനന്തപുരം:നാലുവര്‍ഷ ബിരുദ കോഴ്‌സ് അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദുരന്തമാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അധ്യയന വര്‍ഷം തുടങ്ങിയതിന് ശേഷം കൂടിയാലോചനകളില്ലാതെയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിപക്ഷ നേതാവിന്‍റെ വിമർശനം. ഇത്തരത്തിൽ തീരുമാനമെടുക്കുന്നതിന് മുൻപ് അക്കാദമിക് വിദഗ്‌ധരുമായോ അധ്യാപക സമൂഹവുമായോ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുമായോ കൂടിയാലോചനകള്‍ നടത്തിയിട്ടില്ല. തിടുക്കം കാട്ടിയുള്ള തീരുമാനം ജനാധിപത്യ വിരുദ്ധവും ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതുമാണ്.
മാത്രമല്ല മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെ അധ്യയന വര്‍ഷം തുടങ്ങിയതിന് ശേഷം മാറ്റം കൊണ്ടുവരുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദുരന്തമാകും. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല പ്രതിനിധികളും അധ്യാപക സംഘടനകളും സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ അറിയിച്ചത് 2024 - 25 അധ്യയന വര്‍ഷം മുതല്‍ കരിക്കുലം പരിഷ്‌ക്കരിച്ചതിന് ശേഷം നാലുവര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സ് നടപ്പാക്കിയാല്‍ മതിയെന്നാണ്. എന്നാൽ, സര്‍ക്കാരും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഈ അധ്യയന വർഷം മുതൽ തന്നെ നാലുവര്‍ഷ ബിരുദ കോഴ്‌സ് നടപ്പാക്കുമെന്ന പിടിവാശിയിലാണ്.
'ഇത് കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ':കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് ഈ തീരുമാനത്തിലൂടെ പിണറായി സര്‍ക്കാരും ചെയ്യുന്നത്. പുതിയ പരിഷ്‌കരണം വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങള്‍ പോലും നടപ്പാക്കിയിട്ടില്ല. കീഴ്‌വഴക്കങ്ങളും രാഷ്ട്രീയ മര്യാദകളും ലംഘിച്ച് സര്‍ക്കാര്‍ കാട്ടുന്ന ധൃതി മോദി സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നയങ്ങളെ പിന്തുണയ്ക്കലും അംഗീകരിക്കലുമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്. സംസ്ഥാനത്ത് മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് പകരമായി സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കിയപ്പോള്‍ വിദ്യാഭ്യാസ വിചക്ഷണരുമായും പ്രതിപക്ഷ കക്ഷികളുമായും കൂടിയാലോചന നടത്തിയിട്ടുള്ള പാരമ്പര്യമാണ് കേരളത്തിനുള്ളത്.
അക്കാദമിക് - ഭരണ രംഗങ്ങളിലെ രാഷ്ട്രീയവത്‌കരണത്തിലൂടേയും പിന്‍വാതില്‍ നിയമനങ്ങളിലൂടേയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ഇല്ലാതാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തിരക്കിട്ടുള്ള ഈ നടപടി ഉന്നതവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും തകര്‍ക്കും. 2022 നവംബറിലാണ് ഈ അധ്യയന വർഷം മുതൽ അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് നാലുവർഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പ്രഖ്യാപിച്ചത്.
ALSO READ |നാല് വര്‍ഷ ബിരുദ കോഴ്‌സ്: പാഠ്യപദ്ധതി പരിഷ്‌കരണത്തിന് 39 അംഗ സമിതിയെ നിയമിച്ച് സര്‍ക്കാര്‍
ഗവേഷണത്തിന് മുൻതൂക്കം നൽകുന്നതാണ് കോഴ്‌സിന്‍റെ ഘടനയെന്നും വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും പഠിക്കാൻ നാലുവർഷ ബിരുദകോഴ്‌സിലൂടെ അവസരമുണ്ടാകുമെന്നും മന്ത്രി അറിയിച്ചിരുന്നു. മാത്രമല്ല രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അധ്യയനവർഷം മുതൽ നാലുവർഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് യുജിസി ചെയർമാൻ നേരത്തേ വ്യക്തമാക്കുകയും ചെയ്‌തിരുന്നെന്നും വിഡി സതീശന്‍ വാര്‍ത്താകുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.