തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉണ്ടായ വിവാദം അടിയന്തര പ്രമേയമായി സഭയിൽ അവതരിപ്പിക്കാൻ ആവില്ലെന്നും പ്രതിപക്ഷത്തിന്‍റെ വിമുഖത തീരുമാനിക്കുന്നത് മറ്റുള്ളവരല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയ നേതാക്കൾക്ക് സംഭാവന വാങ്ങുന്നത് സ്വഭാവികമാണ്. പണം പിരിക്കാൻ പാർട്ടി തന്നെ ചുമതല ഏൽപ്പിക്കുമെന്നും ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമായിരുന്നു അന്ന് ചുമതലയുണ്ടായിരുന്നതെന്നും വി ഡി സതീശൻ വ്യക്തമാക്കി.
വീണ വിജയനെതിരെ പുറത്ത് വന്നത് അഴിമതി ആരോപണമാണ്. റൂൾ 50 അനുസരിച്ച് വീണയ്ക്ക് എതിരെയുള്ള അഴിമതി ആരോപണം സഭ തള്ളും. ഏറ്റവും കൂടുതൽ അഴിമതി ആരോപണം ഉന്നയിച്ചിട്ടുള്ള ആളാണ് താൻ. ഇത് ഉന്നയിക്കണമെങ്കിൽ കൃത്യമായ ചട്ടം ഉണ്ട്. വീണയുടെ ആരോപണം ഉയർത്തിയാൽ താനൂർ വിഷയം പറയാൻ സാധിക്കില്ലന്നും വി ഡി സതീശൻ വിശദീകരിച്ചു.
തനിക്കും കെ സുധാകരനും ആണ് നിലവിൽ കോൺഗ്രസ് പാർട്ടിയിൽ സംഭാവന പിരിക്കാനുള്ള ചുമതലയെന്നും . എന്തെങ്കിലും ഉപകാരം ചെയ്‌ത് കൊടുത്ത ശേഷം പണം പറ്റിയാലാണ് പ്രശ്‌നം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പരിസ്ഥിതി വാദത്തിന് വേണ്ടി വാദിക്കുന്ന പ്രതിപക്ഷ നേതാവ് പരിസ്ഥിതി ലംഘനം നടത്തുന്ന കമ്പനിയിൽ നിന്നും സംഭാവന വാങ്ങുന്നത് തെറ്റല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അംഗീകൃത കമ്പനിയാണ് സിഎംആർഎൽ എന്നും രാഷ്ട്രീയ നേതാക്കൾ സംഭാവന വാങ്ങുന്നത് പോലെയല്ല വീണ വാങ്ങിയതെന്നും അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്ത് അന്വേഷിക്കണം എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി.
മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടതെന്നും എന്നാൽ 150 ദിവസത്തിലധികമായി അദ്ദേഹം മാധ്യമങ്ങളെ കണ്ടിട്ടെന്നും സതീശന്‍ കൂട്ടിച്ചേർത്തു. ആരോപണം ഉയർന്ന നേതാക്കന്മാരെല്ലാം പാർട്ടി ലീഡേഴ്‌സ് ആണെന്നും സംഭാവന വാങ്ങിയതിന് റെസിപ്റ്റ് ഉണ്ടെന്ന് ഉപപ്രതിപക്ഷ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വീണയുടെ പേരിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ പേര് വന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.