തിരുവനന്തപുരം : ഏകീകൃത സിവില്‍ കോഡിലും ശരീഅത്തിലും ഇഎംഎസിനെ തള്ളിപ്പറയുന്ന സിപിഎം ഇന്ന് എംവി രാഘവന്‍റെ ബദല്‍ രേഖയുടെ പാതയിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ചും ശരീഅത്ത് നിയമത്തെ എതിര്‍ത്തും ഇഎംഎസ് എടുത്ത നിലപാടിന് വിരുദ്ധമായി ബദല്‍ രേഖ കൊണ്ടുവന്നതിന്‍റെ പേരിലാണ് സിഎംപി എന്ന രാഷ്ട്രീയ പാര്‍ട്ടി തന്നെ പിറന്നത്. അന്ന് എംവിആര്‍ സ്വീകരിച്ച വഴിയിലൂടെയാണ് സിപിഎം ഇപ്പോള്‍ നീങ്ങുന്നത്.
ഏകീകൃത സിവില്‍ കോഡിന്‍റെ പേരില്‍ കുളം കലക്കി എന്തെങ്കിലും ചെറിയ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമോ എന്നാണ് സിപിഎം നോക്കുന്നത്. ഏകീകൃത സിവില്‍ കോഡിനെതിരെ ഇപ്പോള്‍ രംഗത്ത് വന്ന സിപിഎമ്മിന്‍റെ ഏത് സമിതിയാണ് ഇഎംഎസിന്‍റെ പ്രസ്‌താവന തള്ളിയതെന്ന് വ്യക്തമാക്കണം. യുഡിഎഫിന്‍റെ ആരോപണങ്ങള്‍ നുണയാണെന്ന സിപിഎമ്മിന്‍റെ വാദം പൊളിക്കുന്ന ദേശാഭിമാനി വാര്‍ത്തകളും നിയമസഭ പ്രസംഗങ്ങളും തങ്ങള്‍ പുറത്തുവിടുമെന്നും വിഡി സതീശന്‍ പറഞ്ഞു.
ഏകീകൃത സിവില്‍ കോഡിനെതിരെ ജൂലൈ 29ന് തിരുവനന്തപുരത്ത് യുഡിഎഫ് ബഹുസ്വരത സംഗമം സംഘടിപ്പിക്കും. പരിപാടിയില്‍ എല്ലാ മതവിഭാഗങ്ങളെയും വിവിധ സാമുദായിക നേതാക്കളെയും പങ്കെടുപ്പിക്കും. സിപിഎമ്മിന്‍റെ ഏക സിവില്‍ കോഡ് വിരുദ്ധ സംഗമത്തില്‍ യുഡിഎഫ് ഘടക കക്ഷിയായ മുസ്‌ലിം ലീഗിനെ മാത്രം ക്ഷണിച്ച് കൊണ്ട് യുഡിഎഫില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിച്ചത്. അതിനാല്‍ യുഡിഎഫിന്‍റെ ബഹുസ്വരത സംഗമത്തില്‍ സിപിഎമ്മിനെ പങ്കെടുപ്പിക്കില്ല.
സിപിഎമ്മിനെ ഒഴിവാക്കിയ ശേഷം മറ്റ് ഘടക കക്ഷികളെ ക്ഷണിക്കുന്നത് മര്യാദയല്ല. കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി കേരളത്തില്‍ സെറ്റില്‍മെന്‍റ് നടത്തുന്ന സിപിഎമ്മിനോട് ഒരു തരത്തിലുമുള്ള സൗഹാര്‍ദവും പാടില്ലെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാട്. കെ.സുധാകരനെ അറസ്റ്റുചെയ്യാം, എന്നാല്‍ കള്ളപ്പണക്കേസില്‍ കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നാണ് കേരളത്തിലെ എല്‍ഡിഎഫിന്‍റെ നിലപാട്.