തിരുവനന്തപുരം:നിയമസഭയിൽ നിരന്തരം പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ സ്‌പീക്കറുടെ ഓഫീസിനു മുന്നിൽ ജനാധിപത്യപരമായി പ്രതിഷേധിച്ച എംഎൽഎമാരെ ക്രിമിനലുകളെ പോലെയാണ് വാച്ച് ആന്‍റ് വാർഡ് തല്ലിച്ചതച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭരണപക്ഷ അംഗങ്ങളും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫും എംഎൽഎമാരെ ആക്രമിച്ചു. പ്രതിപക്ഷ എംഎല്‍എമാർ സ്‌പീക്കറുടെ ഓഫീസിൽ അതിക്രമിച്ചു കിടക്കുകയോ സ്‌പീക്കറെ തടയുകയോ ചെയ്‌തിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
സമാധാന സമരം സംഘർഷമാക്കി: സമാധാനപരമായി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ചെയ്‌തത്. ഇതിനിടെ മാർസിസ്റ്റ് അനുഭാവികളായ ഉദ്യോഗസ്ഥർ എത്തിയാണ് സംഘർഷമുണ്ടാക്കിയത്. സഭയിലെ തന്നെ മുതിർന്ന അംഗമായ തിരുവഞ്ചൂർ രാധാകൃഷ്‌ണനെ വാച്ച് ആൻ്റ് വാർഡ് കയ്യേറ്റം ചെയ്‌തു. ഭരണപക്ഷത്തു നിന്ന് എച്ച് സലാം, സച്ചിൻ തുടങ്ങിയ എംഎൽഎമാർ പ്രതിപക്ഷ അംഗങ്ങളെ ചവിട്ടിയെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
ആറ് ഉദ്യോഗസ്ഥർ കെകെ രമയെ വലിച്ചിഴയ്‌ക്കുകയും കൈപിടിച്ചു തിരിക്കുകയും ചെയ്‌തു. നാല് എംഎൽഎമാർക്ക് അക്രമങ്ങളിൽ പരിക്കേറ്റു. ജനാധിപത്യപരമായ സമരത്തെ ഇത്തരത്തിൽ അടിച്ചമർത്താൻ ശ്രമിച്ചത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇത്തരത്തിൽ അക്രമം കാണിച്ചവർക്കെതിരെ കർശനമായ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നരേന്ദ്ര മോദിയെ ആരാധിക്കുന്ന മുഖ്യമന്ത്രി: പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനം ഉണ്ടായത് ചൂണ്ടിക്കാട്ടിയാൽ മാപ്പ് പറയാൻ തയ്യാറാണ്. ഭൂരിപക്ഷത്തിന്‍റെ അഹങ്കാരമാണ് സർക്കാർ കാട്ടുന്നത്. ഇതുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാണിക്കുന്നത്. ഉള്ളിൽ നരേന്ദ്ര മോദിയെ ആരാധിക്കുന്ന മുഖ്യമന്ത്രി അതേ നടപടികൾ കേരളത്തിലും നടപ്പിലാക്കുകയാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.