കേരളം

kerala

ETV Bharat / state

'സിപിഎമ്മിന്‍റെ വാദം പച്ചക്കള്ളം, നുണഫാക്‌ടറിയാകരുത്' ; ജാവദേക്കർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് യുഡിഎഫ് ഉന്നയിച്ച ശേഷമെന്ന് വിഡി സതീശൻ - സിപിഎം

യുഡിഎഫ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രകാശ് ജാവദേക്കര്‍ അക്കാര്യം ആവശ്യപ്പെട്ടതെന്നും ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്‌താവന പച്ചക്കള്ളമാണെന്നും വിഡി സതീശൻ

വിഡി സതീശൻ  ബ്രഹ്മപുരം തീപ്പിടിത്തം  സിബിഐ  പ്രകാശ് ജാവ്‌ദേക്കർ  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  V D Satheesan  Prakash Javadekar  CBI  Brahmapuram Fire  cbi enquiry in brahmapuram waste plant  ബിജെപി  BJP  CPM  സിപിഎം  പ്രകാശ് ജാവദേക്കർ
വിഡി സതീശൻ

By

Published : Mar 24, 2023, 3:50 PM IST

തിരുവനന്തപുരം :ബ്രഹ്മപുരം തീപിടിത്തം സിബിഐ അന്വേഷിക്കണമെന്ന് പ്രകാശ് ജാവദേക്കറിന് പിന്നാലെ പ്രതിപക്ഷം ആവശ്യപ്പെട്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്‌താവന പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബ്രഹ്മപുരം തീപിടിത്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് യുഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 13നാണ് ബ്രഹ്മപുരം വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തകളും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിലും ഇത് വ്യക്തവുമാണ്.

യുഡിഎഫ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ദിവസങ്ങള്‍ക്കുശേഷം ബുധനാഴ്‌ച മാത്രമാണ് പ്രകാശ് ജാവദേക്കര്‍ ഇക്കാര്യം ഉന്നയിക്കുന്നത്. സത്യം ഇതായിരിക്കെ ബിജെപിക്ക് പിന്നാലെ പ്രതിപക്ഷ നേതാവും സിബിഐ അന്വേഷണം ആവശ്യപ്പെട്ടെന്ന സിപിഎം പ്രസ്‌താവന ദുരുദ്ദേശപരവും ഗൂഢലക്ഷ്യത്തോടെയുള്ളതുമാണ്.

കോണ്‍ഗ്രസിനും യുഡിഎഫിനും രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ സിപിഎമ്മിന്‍റെയോ ബിജെപിയുടെയോ സഹായം ആവശ്യമില്ല. സിപിഎമ്മുമായി ധാരണയും ഒത്തുതീര്‍പ്പും ഉണ്ടാക്കിയത് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവുമാണ്. നുണകള്‍ പറഞ്ഞ് സമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും അവ ആവര്‍ത്തിച്ച് സത്യമാണെന്ന് വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന പതിവ് ശൈലിയാണ് സിപിഎമ്മിന്‍റെ പ്രസ്‌താവനയിലുള്ളത്.

സമൂഹ മാധ്യമങ്ങളിലെ സൈബര്‍ വെട്ടുകിളിക്കൂട്ടങ്ങളുടെ പോലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും നുണ ഫാക്‌ടറിയായി അധഃപ്പതിക്കരുത്. രാഷ്ട്രീയ മര്യാദ അല്‍പ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവാസ്‌തവമായ പ്രസ്‌താവന പിന്‍വലിക്കാന്‍ സിപിഎം തയ്യാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

രാഷ്‌ട്രീയ മുതലെടുപ്പെന്ന് സിപിഎം: അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ വസ്‌തുതയ്‌ക്ക്‌ നിരക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇത്തരം പൊതു സാമൂഹ്യ പ്രശ്‌നങ്ങൾ കൂട്ടായി നിന്ന് പരിഹരിക്കേണ്ടതാണെന്നും അതിൽ രാഷ്‌ട്രീയം കാണുന്നത് ശരിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി.

ബ്രഹ്മപുരം തീപിടിത്തം സിബിഐ അന്വേഷിക്കണമെന്ന് പ്രകാശ് ജാവദേക്കറിന്‌ പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിരിക്കുകയാണ്. എങ്ങനെയും ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കൂട്ടുകെട്ടും ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്നും സിപിഎം പറഞ്ഞു.

ആഗോള ടെന്‍ഡര്‍ വിളിച്ചാണ് ബ്രഹ്മപുരത്തെ മാലിന്യം തരംതിരിക്കുന്നത് ഉൾപ്പടെ വിവിധ ജോലികൾ കുറഞ്ഞ നിരക്ക് കോട്ട് ചെയ്‌ത കമ്പനിക്ക് കരാർ നൽകിയത്. സുതാര്യമായ നടപടികളിലൂടെയാണ് കരാർ നൽകിയത്. ഇതിൽ വീഴ്‌ച വരുത്തിയെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുന്നതിൽ കോർപറേഷന് തടസമൊന്നുമില്ല.

ബ്രഹ്മപുരത്തേത് രണ്ട്‌ വർഷം കൊണ്ടുണ്ടായ പ്രശ്‌നമല്ലെന്നും ഇത് 2012 മുതലുള്ള പ്രശ്‌നമാണെന്നും ദേശീയ ഹരിത ട്രിബ്യൂണൽ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാലിന്യം കുന്നുകൂടുന്നത് സമൂഹത്തിന്‍റെയാകെ പൊതുപ്രശ്‌നമാണ്. അത് പരിഹരിക്കാൻ കേന്ദ്രത്തിനും രാഷ്‌ട്രീയ പാർട്ടികൾക്കും പൊതുവായ ഉത്തരവാദിത്തമാണുള്ളതെന്നും സിപിഎം പ്രസ്‌താവനയിൽ പറഞ്ഞു.

രാഷ്‌ട്രീയ മുതലെടുപ്പ് നടത്തി നേട്ടം കൊയ്യാനുള്ള ശ്രമമാണ് ബിജെപിയും കോൺഗ്രസും നടത്തുന്നത്. ഈ ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details