പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രതികരണം തിരുവനന്തപുരം : എഐ ക്യാമറ പദ്ധതിയിലെ അഴിമതിക്കെതിരായ നിയമ പോരാട്ടത്തിന് നല്ല തുടക്കമാണ് ഹൈക്കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷം പദ്ധതിയിലെ അഴിമതി സംബന്ധിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം കോടതി അംഗീകരിച്ചിരിക്കുകയാണ്. അഴിമതിരഹിതമായി പദ്ധതിയെ എങ്ങനെ മാറ്റാം എന്ന് സംബന്ധിച്ച് ഹൈക്കോടതി അഭിപ്രായം ആരാഞ്ഞിരിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
പ്രതിപക്ഷത്തിനുള്ള അംഗീകാരം :ഇത് പ്രതിപക്ഷം നടത്തിയ പോരാട്ടങ്ങൾക്കുള്ള അംഗീകാരമാണ്. പദ്ധതിയുടെ മുഴുവൻ അഴിമതിയും പുറത്തുകൊണ്ടുവരും. പദ്ധതിയിലെ അഴിമതി സംബന്ധിച്ച് എല്ലാ വിവരങ്ങളും കോടതിയെ അറിയിക്കുമെന്നും എല്ലാ രേഖകളും ഉൾപ്പെടുത്തിയാണ് പരാതി കോടതിയിൽ നൽകിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഒറ്റനോട്ടത്തിൽ തന്നെ പദ്ധതിയിലെ അഴിമതി കോടതിക്ക് ബോധ്യമായിട്ടുണ്ട്. അതിനാണ് പണം കരാർ കമ്പനികൾക്ക് നൽകരുതെന്ന് കോടതി നിർദേശിച്ചത്. കെൽട്രോണും ഗതാഗത വകുപ്പും അടക്കം ഇനി കോടതിയിൽ മറുപടി പറയണമെന്നും അഴിമതിയിലെ എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് വിശദമായ പരാതി തയ്യാറാക്കി കോടതിയെ സമീപിച്ചതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം :പദ്ധതിയിലെ അഴിമതി ആരോപണങ്ങൾക്ക് മറുപടി പറയാതെ സർക്കാർ ഒളിച്ചോടുകയാണ് ചെയ്‌തത്. സർക്കാറിന്‍റെ മൗനവും ധാർഷ്ട്യവും കാരണമാണ് നിയമപോരാട്ടം നടത്തുന്നത്. കെ ഫോണിലും കോടതിയെ സമീപിക്കുമെന്നും ഒരു അഴിമതിയും അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കേസുകളെടുത്ത് നിശബ്‌ദരാക്കാനാണ് ശ്രമം. ഇതിന്‍റെ ഭാഗമാണ് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും തനിക്കുമെതിരെ കേസുകളെടുത്തിരിക്കുന്നത്. ഇതുകൊണ്ടൊന്നും നിശബ്‌ദമാക്കാമെന്ന് സർക്കാർ കരുതേണ്ടതും അദ്ദേഹം അറിയിച്ചു.
തെരുവുനായ ശല്യത്തില്‍ പ്രതികരണം :കുഞ്ഞുങ്ങളെ തെരുവുനായകൾക്ക് കടിച്ചുകീറാൻ ഇട്ടുകൊടുത്തശേഷം നിഷ്ക്രിയമായി നോക്കി നിൽക്കുകയാണ് സർക്കാർ. തെരുവുനായകളുടെ ആക്രമണം തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. പ്രതിപക്ഷം ഇക്കാര്യം പലതവണ പറഞ്ഞതാണ്. എന്നാൽ പ്രതിപക്ഷത്തെ ആക്ഷേപിച്ചതല്ലാതെ നടപടി ഒന്നുമുണ്ടായില്ലെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ഇപ്പോൾ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുനര്‍ജനിയിലും പുലർച്ചെടിയിലും പ്രതികരണം : ഏറ്റവും മാതൃകാപരമായി നടപ്പിലാക്കിയ പദ്ധതിയാണ് പുനർജനി. അതിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർ കൃത്യമായ തെളിവുകൾ നൽകണം. നിയമസഭയിൽ ഇത്തരം ആരോപണം ഉയർന്നപ്പോൾ തന്നെ വിജിലൻസ് അന്വേഷണം നടത്താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. എന്നാൽ മൂന്നുവർഷം ഒരു നടപടിയും ഉണ്ടായില്ലെന്നും ഇപ്പോൾ എഐ ക്യാമറ അഴിമതിയും ഫോൺ അഴിമതിയും ഉയർന്നപ്പോഴാണ് തനിക്കെതിരെ കേസെടുത്തതെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.
കേസിൽ മൊഴി നൽകുന്നവർക്ക് എല്ലാം പരിശോധിച്ച ശേഷം മറുപടി നൽകും. പദ്ധതിയിൽ ഒരു വീടും വച്ചിട്ടില്ല എന്ന് പറയുന്നത് ശരിയല്ല. 200ലധികം വീടുകളാണ് പുനർജനിയിൽ ഉൾപ്പെടുത്തി വച്ചിട്ടുള്ളത്. ഇതിന്‍റെയെല്ലാം അഡ്രസ് അടക്കം നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പുലർച്ചെടി പദ്ധതി വഴി നടപ്പിലാക്കിയ കാര്യങ്ങളെല്ലാം തന്‍റെ മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരെയും അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് 22,000 ത്തിൽ അധികം ഭൂരിപക്ഷം നൽകി ജനങ്ങൾ വീണ്ടും വിജയിപ്പിച്ചതെന്നും അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് ആക്രമിക്കാനാണ് ശ്രമം നടക്കുന്നതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.