കേരളം

kerala

ETV Bharat / state

'നികുതി വര്‍ധന പിൻവലിക്കാത്തത് മുഖ്യമന്ത്രിയുടെ പിടിവാശി'; വിനാശകരമായ ബജറ്റിനുള്ള ക്രെഡിറ്റ് ബാലഗോപാല്‍ നേടിയെന്ന് വി ഡി സതീശന്‍ - മുഖ്യമന്ത്രിയും മന്ത്രിമാരും

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച നികുതി നിർദേശങ്ങൾ പിൻവലിക്കാത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിടിവാശി കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Etv Bharat
Etv Bharat

By

Published : Feb 8, 2023, 6:03 PM IST

വി.ഡി സതീശന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം : ജനങ്ങളെ ബാധിക്കുന്ന ബജറ്റിലെ നികുതി നിർദേശങ്ങൾ പിൻവലിക്കാത്തത് മുഖ്യമന്ത്രിയുടെ പിടിവാശി കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷം സമരം ചെയ്യുന്നതിനാൽ നിർദേശങ്ങൾ പിൻവലിക്കില്ലെന്ന വാശിയിലാണ് സർക്കാർ. ഇത് ജനങ്ങളെ വെല്ലുവിളിക്കുന്ന സര്‍ക്കാരിന്‍റെ ധാർഷ്‌ട്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ പുഛത്തോടെയാണ് സർക്കാർ കാണുന്നത്. അതുകൊണ്ടാണ് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നികുതി നിർദേശങ്ങളിൽ കടുംപിടുത്തം തുടരുന്നത്. മുഖ്യമന്ത്രിയും മന്ത്രിയും പറഞ്ഞാൽ പ്രതിഷേധം ഇല്ലാതാകില്ലെന്നും ജനങ്ങള്‍ക്കിടയിൽ ഇറങ്ങിയാലേ പ്രതിഷേധം അറിയുകയുള്ളൂവെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. വരും ദിവസങ്ങളിൽ ജനങ്ങളുടെ പ്രതിഷേധം സർക്കാർ അറിയുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും വിനാശകരമായ ബജറ്റ് അവതരിപ്പിച്ചയാളെന്ന ക്രെഡിറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നേടിക്കഴിഞ്ഞു. നികുതി പിരിവിലെ പരാജയം ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയാണ്. സംസ്ഥാനത്താകെ നികുതി അരാജകത്വം നിലനിൽക്കുകയാണെന്നും ഇതാണ് സാമ്പത്തിക സ്ഥിതി രൂക്ഷമാക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അഞ്ചുകൊല്ലം കൊണ്ട് ഇരുപത്തി അയ്യായിരം കോടിയുടെ നികുതി നഷ്‌ടമുണ്ടാക്കുന്ന കെടുകാര്യസ്ഥതയാണ് സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്. സിപിഐ അടക്കം പ്രതീക്ഷിച്ചിരുന്നത് നികുതി നിർദ്ദേശങ്ങൾ പിൻവലിക്കുമെന്നായിരുന്നു. എന്നാൽ ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ കൊള്ള നികുതിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരും. 13, 14 തീയതികളിൽ എല്ലാ ജില്ലകളിലും രാപ്പകൽ സമരം നടത്തുമെന്നും തുടർസമരം പിന്നീട് പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രതിപക്ഷ എംഎൽഎമാരുടെ സത്യാഗ്രഹ സമരം തുടരുമെന്നും നിയമ സഭയ്ക്കുള്ളിലും ശക്തമായി പ്രതിഷേധിക്കുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രതിപക്ഷത്തുനിന്നും ഷാഫി പറമ്പിൽ, സി.ആർ മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവര്‍ ബജറ്റിലെ നികുതി നിർദേശങ്ങളിൽ പ്രതിഷേധിച്ച് മൂന്നുദിവസമായി നിയമസഭ കവാടത്തിന് മുന്നിൽ സത്യാഗ്രഹം നടത്തിവരികയാണ്.

ABOUT THE AUTHOR

...view details