തിരുവനന്തപുരം : ജെഡിഎസ് കേന്ദ്ര നേതൃത്വം എന്‍ഡിഎയില്‍ ചേര്‍ന്ന സാഹചര്യത്തില്‍ (JDS NDA Alliance) ജെഡിഎസ് കേരള ഘടകത്തെ (JDS Kerala Fraction) എല്‍ഡിഎഫില്‍ നിന്നു പുറത്താക്കാന്‍ സിപിഎമ്മും എല്‍ഡിഎഫും തയ്യാറാകണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (VD Satheesan). ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ഭാഗമായ ജെഡിഎസ് (Janata Dal (Secular) പ്രതിനിധി, പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗവമായി തുടരുന്ന സാഹചര്യത്തില്‍ ബി ജെ പി വിരുദ്ധതയില്‍ വാചക കസര്‍ത്ത് നടത്തുന്ന സി പി എമ്മിനും ഇടത് മുന്നണിക്കും ഇപ്പോള്‍ എന്ത് പറയാനുണ്ടെന്ന് സതീശന്‍ ചോദിച്ചു. ബി ജെ പി വിരുദ്ധ നിലപാടില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ജെ ഡി എസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ സി പി എം തയ്യാറാകണം.
രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബി ജെ പിക്കെതിരെ 'ഇന്ത്യ' എന്ന വിശാല പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ അതിനൊപ്പം ചേരാന്‍ കേരളത്തിലെ സി പി എമ്മിന് താത്‌പര്യമില്ല. ലാവലിനും സ്വര്‍ണക്കടത്തും മാസപ്പടിയും ഉള്‍പ്പെടെയുള്ള അഴിമതികളിലെ ഒത്തുതീര്‍പ്പും സംഘപരിവാറിനോടുള്ള വിധേയത്വവും ഭയവുമാണ് ബി ജെ പി വിരുദ്ധ നിലപാട് സ്വീകരിക്കുന്നതില്‍ നിന്നും സി പി എം ദേശീയ നേതൃത്വത്തെ വിലക്കാന്‍ പിണറായിയുടെ നേതൃത്വത്തിലുള്ള കേരള ഘടകത്തെ പ്രേരിപ്പിക്കുന്നത്. ജെ ഡി എസ് സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണ് ദേശീയ നേതൃത്വം ബി ജെ പി ബന്ധത്തിലേക്ക് പോയതെന്ന് സംശയിക്കണം.