തിരുവനന്തപുരം :വഴയിലയിൽ ഇരട്ട കൊലപാതക കേസ് പ്രതിയെ വെട്ടിക്കൊന്നു. 2011ലെ ഇരട്ട കൊലപാതക കേസിലെ പ്രതി മണിച്ചനാണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപക് ലാല്‍, അരുണ്‍ ജി രാജീവ് എന്നിവരെയാണ് പിടിയിലായത്.
ഇവരിൽ ദീപക് ലാല്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇന്നലെ (ജൂൺ 01) രാത്രി 9.30നായിരുന്നു സംഭവം. ആറാം കല്ലിലെ ഒരു ലോഡ്‌ജിൽ മദ്യപിച്ചുണ്ടായ വാക്കേറ്റത്തെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നാണ് പൊലീസിന്‍റെ നിഗമനം.
വഴയില ഇരട്ട കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു ; രണ്ടുപേർ കസ്റ്റഡിയിൽ ലോഡ്‌ജിൽ മണിച്ചനൊപ്പമുണ്ടായിരുന്ന തിരുമല സ്വദേശി ഹരികുമാറിനും വെട്ടേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മണിച്ചൻ ഇന്ന് (ജൂൺ 02) രാവിലെ മൂന്ന് മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് മരിച്ചത്.
നിരവധി കേസുകളില്‍ പ്രതിയാണ് മണിച്ചൻ. രണ്ടുപേർ ബൈക്കിൽ കടന്നുകളയുന്ന സിസിടിവി ദ്യശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുത്തത്.