വമ്പന്‍മാര്‍ മുതല്‍ പുതുമുഖങ്ങളെ വരെ നിയസഭയിലേക്ക് ജയിപ്പിച്ച് വിട്ട മണ്ഡലം. കേരളത്തിന്‍റെ തലസ്ഥാന നഗരിയുടെ ഹൃദയഭൂമി. സാക്ഷാല്‍ പട്ടം താണുപിള്ള മുതല്‍ മേയർ ബ്രോ വി.കെ. പ്രശാന്ത് വരെ എത്തി നില്‍ക്കുന്നതാണ് പഴയ തിരുവനന്തപുരം രണ്ട്, തിരുവനന്തപുരം നോർത്ത്, ഇപ്പോൾ വട്ടിയൂർക്കാവ് എന്ന പേരിലെത്തിയ മണ്ഡലത്തിലെ എംഎല്‍എമാരുടെ പേരുകൾ. 1957 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ പട്ടം താണു പിള്ളയാണ് ഇവിടെ നിന്നും വിജയിച്ചത്. 1960ലും പട്ടം വിജയം ആവര്‍ത്തിച്ചു. അന്ന് മണ്ഡലത്തിന്റെ പേര് തിരുവനന്തപുരം രണ്ട് എന്നായിരുന്നു. 1970ലെ തെരഞ്ഞെടുപ്പില്‍ കെ. പങ്കജാക്ഷന്‍ എം.എല്‍.എയായി.
1977ലാണ് മണ്ഡലത്തിന്റെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നായി മാറിയത്. നോര്‍ത്തായ ആദ്യ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കെ. രവീന്ദ്രന്‍ നായര്‍ വിജയിച്ചു. 1980ല്‍ കെ. അനിരുദ്ധനിലൂടെ സിപിഎം മണ്ഡലം പിടിച്ചു. എന്നാല്‍ 1982 ജി. കാര്‍ത്തികേയന്റെ അട്ടിമറിയില്‍ അനിരുദ്ധന്‍ വീണു. 1987 മുതല്‍ 14 വര്‍ഷം സിപിഎമ്മിലെ എം. വിജയകുമാര്‍ മണ്ഡലം കൈവശം വച്ചു. ഇതിനിടയില്‍ വിജയകുമാര്‍ മന്ത്രിയും സ്പീക്കറുമായി. സ്പീക്കര്‍ എന്ന നിലയില്‍ തിളങ്ങി നിന്ന വിജയകുമാറിനെ 2001ല്‍ കോണ്‍ഗ്രസിലെ മോഹന്‍കുമാര്‍ വീഴ്ത്തി. 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയകുമാര്‍ അതിന് പ്രതികാരവും ചെയ്തു. മോഹന്‍കുമാറിനെ പരാജയപ്പെടുത്തി വിജയകുമാര്‍ വീണ്ടും നിയസഭയില്‍ എത്തി. 2011ലെ തെരഞ്ഞെടുപ്പ് മുതലാണ് മണ്ഡല പുനക്രമീകരണത്തിലൂടെ ഇന്ന് കാണുന്ന വട്ടിയൂര്‍ക്കാവായത്. അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ. മുരളീധരന്‍ സിപിഎം പിന്തുണയോടെ മത്സരിച്ച ചെറിയാന്‍ ഫിലിപ്പിനെ തോല്‍പ്പിച്ച് നിയസഭയിലെത്തി. 2016ലെ തെരഞ്ഞെടുപ്പിലും മുരളീധരന്‍ വിജയം ആവര്‍ത്തിച്ചു.
വട്ടിയൂർക്കാവ് മണ്ഡലം നിയമസഭാ ചിത്രം വട്ടിയൂർക്കാവ് മണ്ഡലം നിയമസഭാ ചിത്രം വടകരയില്‍ നിന്നും പാര്‍ലമെന്റിലേക്ക് വിജയിച്ചതോടെ മുരളീധരന്‍ എം.എല്‍.എ സ്ഥാനം രാജിവച്ചു. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ മേയറായിരുന്ന സിപിഎമ്മിലെ വി.കെ. പ്രശാന്ത് ജയിച്ച് എംഎല്‍എയായി. മണ്ഡലത്തിലെ ബിജെപിയുടെ വളര്‍ച്ചയും രാഷ്ട്രീയമായി പരിശോധിക്കേണ്ടതാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ 13494 വോട്ട് നേടിയ ബിജെപി 2016 തെരഞ്ഞെടുപ്പില്‍ 43700 വോട്ടുമായി രണ്ടാം സ്ഥാനത്ത് എത്തി. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ മണ്ഡലത്തില്‍ നടക്കുന്നത്. സിറ്റിങ്ങ് എം.എല്‍.എയായ വി.കെ.പ്രശാന്തിനെ തന്നെയാണ് സിപിഎം ഇത്തവണയും കളത്തിലിറക്കിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ നിരവധി ഉയര്‍ന്നെങ്കിലും യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ.എസ്.നായര്‍ അപ്രതീക്ഷിതമായി യുഡിഎഫ് സ്ഥാനാര്‍ഥിയായി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷാണ് ബിജെപി സ്ഥാനാര്‍ഥി. ശബരിമലയും വികസനവുമെല്ലാം വട്ടിയൂര്‍ക്കാവിലെ പ്രചാരണ വിഷയമാണ്. സർക്കാരിന് എതിരായ സമരങ്ങളുടെ കേന്ദ്രം എന്ന നിലയിലും വട്ടിയൂർക്കാവ് ശ്രദ്ധാകേന്ദ്രമാണ്.
വട്ടിയൂർക്കാവ് മണ്ഡലം നിയമസഭാ ചിത്രം വികസനം പറഞ്ഞാണ് ഇടതു മുന്നണി സ്ഥാനാര്‍ഥി വി.കെ. പ്രശാന്ത് വോട്ട് തേടുന്നത്. 106 റോഡുകള്‍ ഗതാഗത യോഗ്യമാക്കിയതും വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കാനായതും നേട്ടമായി പ്രശാന്ത് ഉയര്‍ത്തി കാട്ടുന്നു. ഇതോടൊപ്പം സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ് പ്രശാന്ത്. പിഎസ്‌സി നിയമന വിവാദം, ശബരിമല അടക്കമുള്ള വിഷയങ്ങൾ ഉയർത്തിയാണ് യുഡിഎഫും ബിജെപിയും വോട്ട് ചോദിക്കുന്നത്.
വട്ടിയൂർക്കാവ് മണ്ഡലം തദ്ദേശ ചിത്രം തിരുവനന്തപുരം താലൂക്കില്‍ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 24 വാർഡുകൾ പൂർണ്ണമായും മെഡിക്കൽ കോളേജ് നാലാഞ്ചിറ വാർഡുകൾ ഭാഗികമായും വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉൾപ്പെടുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ എൽഡിഎഫ് 13 സീറ്റുകൾ നേടിയപ്പോൾ ബിജെപി ഒൻപതും യുഡിഎഫ് നാല് സീറ്റുകളും നേടി.