തിരുവനന്തപുരം:വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 62 കുടുംബങ്ങള്‍ ഇക്കുറി ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല. 40 വര്‍ഷമായി മാറി മാറി വന്ന രാഷ്ട്രീയ പ്രവര്‍ത്തകരും അധികൃതരും തങ്ങളെ തഴഞ്ഞതിലുള്ള പ്രതിഷേധമായാണ് വഴയിലെ മേലെക്കട്ടയ്ക്കാവിലെ കുടുംബങ്ങള്‍ വോട്ട് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. ഇവിടെയുള്ളവര്‍ക്ക് ഭൂമിക്ക് പട്ടയമില്ലാത്തതാണ് പ്രതിഷേധത്തിന് കാരണം.
വോട്ട് ബഹിഷ്‌കരണത്തിനൊരുങ്ങി വട്ടിയൂര്‍ക്കാവിലെ 62 കുടുംബങ്ങള്‍ - പുതിയ ഇലക്ഷൻ വാർത്തകൾ
ഭൂമിക്ക് പട്ടയം നല്‍കാതെ അധികൃതര്‍ തഴയുന്നതില്‍ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്കരണം
നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വൃദ്ധരുള്‍പ്പടെയുള്ളവരെ അധികൃതര്‍ കഷ്ടപ്പെടുത്തുന്നത് നിത്യസംഭവമാണെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും വിഷയം പരിഹരിക്കാമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനം നല്‍കും. പക്ഷേ ഇതുവരെ നടപടി ഉണ്ടായില്ല. ഇനി വോട്ട് ബഹിഷ്‌കരണമല്ലാതെ മാര്‍ഗമില്ല. പ്രശ്‌നം പരിഹരിക്കാതെ വോട്ട് ചോദിച്ച് ആരും ഇങ്ങോട്ട് വരേണ്ടെന്ന് മേലെക്കട്ടയ്ക്കാവിലെ വോട്ടര്‍മാര്‍ പറയുന്നു. എല്ലാവര്‍ക്കും ആധാരം ഉള്‍പ്പടെയുള്ള രേഖകളും ഉണ്ടെങ്കിലും പട്ടയമില്ലാത്തതിനാല്‍ ലോണ്‍ ഉള്‍പ്പടെ ഒരു സഹായവും ലഭിക്കുന്നില്ല. ഇതു കാരണം ഇവിടുത്തെ വീടുകള്‍ പലതും തകര്‍ച്ചയുടെ വക്കിലാണെന്ന് പ്രദേശവാസികളുടെ ആരോപണം.