വട്ടിയൂര്‍ക്കാവില്‍ വോട്ടെണ്ണല്‍ കേന്ദ്രം സജ്ജം - വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ്
പട്ടം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളാണ് വോട്ടെണ്ണൽ കേന്ദ്രം
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ കേന്ദ്രം സജ്ജം. പട്ടം സെന്‍റ്മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളാണ് വോട്ടെണ്ണല്‍ കേന്ദ്രം. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന പുറത്തുവരും. 12 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍. 14 ടേബിളുകളിലാണ് ഒരു റൗണ്ടിൽ വോട്ടെണ്ണൽ നടക്കുന്നത്. ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. രാവിലെ എട്ട് മണിയോടെ സ്‌ട്രോങ് റൂമുകൾ തുറക്കും. വരണാധികാരിയുടെയും തെരഞ്ഞെടുപ്പ് നിരീക്ഷകന്‍റെയും സാന്നിധ്യത്തിലായിരിക്കും സ്‌ട്രോങ് റൂമുകൾ തുറക്കുന്നത്. തുടർന്ന് ആദ്യ റൗണ്ടിൽ എണ്ണാനുള്ള ഒന്ന് മുതൽ 14 വരെ പോളിങ് ബൂത്തുകളിലെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ടേബിളുകളിൽ സജ്ജീകരിക്കും. ഈ റൗണ്ട് പൂർത്തിയാകുന്നതോടെ അടുത്ത റൗണ്ട് വോട്ടെണ്ണലിനുള്ള യന്ത്രങ്ങളുമെത്തിക്കും. അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് യന്ത്രങ്ങളിലെ രസീതുകളും എണ്ണി തിട്ടപ്പെടുത്തും. ഏതൊക്കെ ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകളാകും എണ്ണുകയെന്നത് നറുക്കിട്ടാകും തീരുമാനിക്കുക. വിവി പാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞ ശേഷമാകും ഔദ്യോഗിക ഫലപ്രഖ്യാപനം.