കേരളം

kerala

ETV Bharat / state

വര്‍ക്കല പാരാഗ്ലൈഡിങ്‌ അപകടം : മൂന്ന് പേര്‍ പിടിയില്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹത - വര്‍ക്കല വാര്‍ത്ത

വര്‍ക്കലയിലെ പാരാഗ്ലൈഡിങ്‌ അപകടവുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കമ്പനിക്ക് അനുമതി ഇല്ലായിരുന്നുവെന്ന് പൊലീസ്.

varkala paragliding accident  paragliding accident  varkala news  വര്‍ക്കല പാരാഗ്ലൈഡിങ്‌ അപകടം  വര്‍ക്കല വാര്‍ത്ത  പാരാഗ്ലൈഡിങ്‌
വര്‍ക്കല പാരാഗ്ലൈഡിങ്‌ അപകടം; മൂന്ന് പേര്‍ പിടിയില്‍

By

Published : Mar 8, 2023, 11:18 AM IST

തിരുവനന്തപുരം : വര്‍ക്കലയില്‍ നടന്ന പാരാഗ്ലൈഡിങ്‌ അപകടവുമായി ബന്ധപ്പെട്ട് ട്രെയിനറും കമ്പനി ജീവനക്കാരുമുള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാഗ്ലൈഡിങ്‌ ട്രെയിനര്‍ സന്ദീപ്, കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവര്‍ക്കെതിരെയും ഫ്ളൈ അഡ്വഞ്ചേഴ്‌സ് സ്‌പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയും മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹത :പാരാഗ്ലൈഡിങ്‌ കമ്പനിക്ക് അനുമതി ഇല്ലായിരുന്നുവെന്നും ഉടമകള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ഹൈ മാസ്റ്റ് ലൈറ്റുള്ള സ്ഥലത്ത് പാരാഗ്ലൈഡിങ്ങിന് അനുമതിയുണ്ടോയെന്ന കാര്യം ഉള്‍പ്പടെ പരിശോധിക്കും. പാരാഗ്ലൈഡിങ്‌ നടത്തിയ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ചില ദുരൂഹതകളുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും പൊലീസ് വ്യക്‌തമാക്കി.

അതേസമയം അപകടത്തില്‍ പരിക്കേറ്റ കോയമ്പത്തൂര്‍ സ്വദേശിയായ പവിത്രയില്‍ നിന്ന് പാരാഗ്ലൈഡ് ജീവനക്കാര്‍ ആശുപത്രി ജീവനക്കാരെന്ന വ്യാജേന സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറില്‍ ഒപ്പിട്ടുവാങ്ങിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പാരാഗ്ലൈഡിങ്‌ ട്രെയിനര്‍ സന്ദീപ് ഉത്തരാഖണ്ഡ് സ്വദേശിയാണ്.സംഭവസ്ഥലത്ത് നിലവില്‍ പാരാഗ്ലൈഡിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.

ചതിച്ചത് കാറ്റ്:വര്‍ക്കല പാപനാശത്ത് ഇന്നലെ വൈകുന്നേരമാണ് പാരാഗ്ലൈഡിങ്ങിനിടെ അപകടം ഉണ്ടായത്. വർക്കല ക്ലിഫിനോട് ചേർന്നുള്ള ഹെലിപാഡില്‍ നിന്നും പാരാ ഗ്ലൈഡിങ്‌ നടത്തുന്നതിനിടെ 100 മീറ്റര്‍ ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റില്‍ രണ്ട് പേര്‍ കുടുങ്ങുകയായിരുന്നു. ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിയായ വിനോദ സഞ്ചാരിയായ യുവതിയുമാണ് ഉയരത്തില്‍ കുടുങ്ങിയത്.

പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ കാറ്റിന്‍റെ ഗതിയിലുണ്ടായ മാറ്റമാണ് അപകട കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. രണ്ട് ഫയർഫോഴ്‌സ് യൂണിറ്റും പൊലീസുമായിരുന്നു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തുടര്‍ന്ന് മണിക്കൂറുകളോളം പണിപ്പെട്ടാണ് ഇവരെ താഴെയിറക്കിയത്.

രക്ഷാപ്രവർത്തനം നടത്താനായി ഒരു മുൻകരുതലായി സ്ഥലത്ത് ഫയർ ഫോഴ്‌സ് വല വിരിച്ച് കെട്ടിയിരുന്നു. ഹൈമാസ്‌റ്റ് ലൈറ്റിൽ നിന്നും പിടിവിട്ട് ഇവർ വലയിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് ഇവരെ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വലിയ അപകടത്തില്‍ നിന്നുമാണ് ഇവര്‍ രക്ഷപ്പെട്ടതെന്നും ഒരല്‍പ്പം മാറിയിരുന്നെങ്കില്‍ ഇരുവരും കടലില്‍ പതിച്ചേനെയെന്നും പൊലീസ് വ്യക്തമാക്കി.

അപകടങ്ങള്‍ പതിയിരിക്കുന്ന സാഹസിക യാത്ര: വിമാനത്തിലല്ലാതെ ആകാശത്തിലൂടെ പറക്കുന്നത് സ്വപ്‌നം കാണുന്ന മനുഷ്യര്‍ നിരവധിയാണ്. ചിറകുകളില്ലാതെ ഇക്കൂട്ടരെ ആകാശത്തിലൂടെ പറക്കാന്‍ സഹായിക്കുന്ന സാഹസിക വിനോദത്തിന്‍റെ പേരാണ് പാരാഗ്ലൈഡിങ്. കാറ്റിന്‍റെ സഹായത്തോടെയാണ് ഈ സാഹസിക യാത്ര നടത്തുന്നത്.

പാരച്യൂട്ടിന്‍റെ മാതൃകയിലുള്ള എയര്‍ഫോയിലിന്‍റെ സഹായത്തോടെയാണ് പാരാഗ്ലൈഡിങ് നടത്തുന്നത്. വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പാരാഗ്ലൈഡിങ്ങിലൂടെ സാധിക്കും. എന്നാല്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ വന്‍ അപകടത്തിനും ഇത് വഴിയൊരുക്കിയേക്കും.

ALSO READ:കൊച്ചി 'ഗ്യാസ്‌ ചേംബറി'ല്‍ തന്നെ ; പുക നിയന്ത്രിക്കാനാവുന്നില്ല, അക്ഷീണം പ്രയത്നിച്ച് സേനാംഗങ്ങള്‍

അടുത്തിടെ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലെ കുളുവിലും പാരാഗ്ലൈഡിങ് അപകടങ്ങള്‍ സംഭവിച്ചിരുന്നു. കാഡിയിലുണ്ടായ അപകടത്തില്‍ ദക്ഷിണ കൊറിയന്‍ പൗരനായ ഷിന്‍ ബിയോണി മൂണാണായിരുന്നു മരണപ്പെട്ടത്. പാരാഗ്ലൈഡിങ്ങിനിടെ കാനപി വിരിയാതിരുന്നതിനെ തുടര്‍ന്ന് 50 അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീണായിരുന്നു ബിയോണി മരണത്തിന് കീഴടങ്ങിയത്.

കുളുവിലുണ്ടായ അപകടത്തില്‍ മഹാരാഷ്‌ട്ര സ്വദേശിയായ സൂരജ് ഷാ എന്നയാളാണ് മരിച്ചത്. സുരക്ഷ ബെല്‍റ്റിന്‍റെ തകരാര്‍ മൂലം 500 അടി ഉയരത്തില്‍ നിന്ന് വീണായിരുന്നു സൂരജിന്‍റെ മരണം. ഹിമാചല്‍പ്രദേശില്‍ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ നിരവധി അപകടങ്ങളില്‍ അനവധി പേര്‍ ഇരകളായിട്ടുണ്ട്.

ABOUT THE AUTHOR

...view details