തിരുവനന്തപുരം:ജില്ലാ കലക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ട് കോടി തട്ടിയെടുത്ത സംഭവത്തിൽ വഞ്ചിയൂർ സബ് ട്രഷറിയിലെ ജീവനക്കാരിൽ നിന്നും പൊലീസ് മൊഴിയെടുക്കും. കേസിലെ ഒന്നാം പ്രതിയായ എം.ആർ ബിജുലാൽ ഒളിവിലാണ്. ബിജുലാലിൻ്റെ ഭാര്യയും അധ്യാപികയുമായ സിമി.ബി അംബിയേയും കേസിലെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. വഞ്ചന കുറ്റം, രേഖകളിൽ തിരിമറി നടത്തി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ബിജുലാലിനെ കൂടാതെ മറ്റ് ജീവനക്കാർക്ക് തട്ടിപ്പ് സംബന്ധിച്ച് അറിവുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.
ട്രഷറി തട്ടിപ്പ്; ജീവനക്കാരന്‍റെ ഭാര്യയേയും പ്രതി ചേര്‍ത്തു
കേസിലെ ഒന്നാം പ്രതിയായ എം.ആർ ബിജുലാൽ ഒളിവിലാണ്. രണ്ട് കോടിയിൽ 61.23 ലക്ഷം രൂപയാണ് ബിജുലാൽ തൻ്റെയും ഭാര്യയുടെയും സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയത്.
ഇത്രയും വലിയ തുകയുടെ ക്രമക്കേട് ആരുടെയും ശ്രദ്ധയിൽ പെടാതെ ബിജുലാൽ നടത്തിയത് സംബന്ധിച്ച് വിശദമായി പരിശോധിക്കും. രണ്ട് കോടിയിൽ 61.23 ലക്ഷം രൂപയാണ് ബിജുലാൽ തൻ്റെയും ഭാര്യയുടേയും സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയത്. അഞ്ച് സ്വകാര്യ ബാങ്കുകളിലെ അക്കൗണ്ടിലേക്കാണ് തുക മാറ്റിയിരിക്കുന്നത്. ഭാര്യ സിമിയുടേത് കൂടാതെ സാഹോദരി ബിന്ദുവിൻ്റെ അക്കൗണ്ടിലേക്കും പണം മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി.
തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയ പണം ഓൺലൈൻ ചൂതാട്ടത്തിനായി ബിജുലാൽ ഉപയോഗിച്ചുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ചൂതാട്ടങ്ങളിൽ ബിജുലാൽ നിരന്തരം പങ്കെടുത്തിരുന്നു. ബിജുലാലിനെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയുള്ളൂ. തട്ടിപ്പ് പുറത്ത് വരുന്നതിന് മുമ്പ് തന്നെ ബിജുലാൽ ഒളിവിൽ പോയി. വെള്ളിയാഴ്ച ഭാര്യയെ സഹോദരിയുടെ വീട്ടിലാക്കിയ ശേഷമാണ് ഇയാൾ മുങ്ങിയത്. ബിജുലാലിൻ്റെ ബാലരാമപുരത്തെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. ഇയാൾക്കായി വ്യാപകമായ തിരച്ചിൽ നടത്തുമെന്ന് വഞ്ചിയൂർ സി.ഐ അറിയിച്ചു.