തിരുവനന്തപുരം : വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിലെ എക്‌സിക്യുട്ടീവ് ചെയർകാറിൽ ഇരു ദിശകളിലേയ്ക്കും മേയ് 3 വരെ ടിക്കറ്റ് കിട്ടാനില്ല. നാളെ (25-04-2023) പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരത് ട്രെയിനിന്‍റെ ടിക്കറ്റ് ബുക്കിങ് ഇന്നലെ മുതലാണ് ആരംഭിച്ചത്. ആദ്യ ദിനം തന്നെ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ആദ്യ ദിവസങ്ങളിൽ നടത്തുന്ന സർവീസുകളിൽ ഭൂരിഭാഗം ടിക്കറ്റുകളും ബുക്കിങ്ങായി കഴിഞ്ഞു. വെറും നൂറിൽ താഴെ ടിക്കറ്റുകൾ മാത്രമാണ് ആദ്യ അഞ്ച് ദിവസങ്ങളിൽ ലഭ്യമായിട്ടുള്ളത്. ഇന്നലെ രാവിലെ 8 മണി മുതലാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. എ സി ചെയർകാർ എക്‌സിക്യുട്ടീവ് ചെയർകാർ വിഭാഗങ്ങളിലുള്ള ടിക്കറ്റിന്‍റെ വില്‍പ്പനയാണ് ആരംഭിച്ചത്.
ഏപ്രിൽ 26ന് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും 28ന് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കുമാണ് സാധാരണ സര്‍വീസുകള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ചെയർകാര്‍ ടിക്കറ്റുകള്‍ക്ക് 1,590 രൂപയും എക്‌സിക്യുട്ടീവ് ചെയർകാര്‍ ടിക്കറ്റിന് 2,880 രൂപയുമാണ് നിരക്ക്. ചൊവ്വാഴ്‌ച രാവിലെ 10.30നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സര്‍വീസിന് പച്ചക്കൊടി വീശുക.
അന്ന് കാസര്‍കോട് വരെ പ്രത്യേക സര്‍വീസ് വന്ദേഭാരത് നടത്തുന്നുണ്ട്. പ്രവേശനമില്ലെങ്കിലും പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് സര്‍വീസ്. ഈ സര്‍വീസാണ് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ത്തുക. രണ്ട് മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.