തിരുവനന്തപുരം: കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിനോടിച്ച് കേരളത്തിലെ വോട്ടര്‍മാരുടെ മനസിലേക്ക് ഓടിക്കയറാനുള്ള ബിജെപി ലക്ഷ്യം അരക്കിട്ടുറപ്പിക്കുന്നതായി വന്ദേഭാരതിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങും പിന്നാലെ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങും. ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്ന തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരവും പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് നടന്ന സെന്‍ട്രല്‍ സ്‌റ്റേഡിയം വേദിയും പരിസരവും ബിജെപി അവരുടെ ശക്തി പ്രകടന വേദിയാക്കി മാറ്റുകയായിരുന്നു. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഉദ്ഘാടന ചടങ്ങിനു ശേഷം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്കുള്ള യാത്ര നരേന്ദ്രമോദിയുടെ റോഡ് ഷോ ആയി മാറി.
റെയില്‍വേയുടെ വളര്‍ച്ചയ്‌ക്കുപിന്നില്‍ മോദിയെന്ന് കേന്ദ്രമന്ത്രി: ഇതിനു പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശവും സംസ്ഥാന നേതൃത്വത്തിന്‍റെ ആസൂത്രണവും വ്യക്തമാണ്. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി തിങ്കളാഴ്‌ച കൊച്ചിയിലെത്തി പത്തോളം ക്രിസ്ത്യന്‍ മത നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്‍റെ ആത്മവിശ്വാസത്തില്‍ കൂടിയാണ് വന്ദേഭാരത് ഉദ്ഘാടന ചടങ്ങും വിവിധ റെയില്‍വേ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങും കേന്ദ്ര സര്‍ക്കാരും ബിജെപിയും നടത്തിയത്. ചടങ്ങില്‍ പ്രസംഗിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് റെയില്‍വേയുടെ അതിവേഗ സാങ്കേതിക വളര്‍ച്ചയ്ക്കു പിന്നില്‍ നരേന്ദ്രമോദിയാണെന്ന് ആവര്‍ത്തിച്ച് സദസിനോടു വിവരിക്കുന്നുണ്ടായിരുന്നു.
എത്രപേരുടെ കയ്യില്‍ സമാര്‍ട്ട് ഫോണ്‍ ഉണ്ടെന്നും അതുള്ളവര്‍ കൈയുയര്‍ത്തി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ ആഹ്ളാദാരവങ്ങളോടെ കയ്യുയര്‍ത്തിയത് ബിജെപി പ്രവര്‍ത്തകരായിരുന്നു. 10 വര്‍ഷം മുന്‍പ് ഇവിടെ ഇത്തരം സ്‌മാര്‍ട്ട് ഫോണ്‍ നിര്‍മാണം ഒരു ശതമാനം മാത്രമായിരുന്നെങ്കില്‍ ഇന്ന് 11 ബില്യന്‍ ഡോളര്‍ മുതല്‍ ഒരു ലക്ഷം ബില്യന്‍ ഡോളര്‍ മൂല്യമുള്ള സ്‌മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റി അയയ്ക്കുന്നുണ്ടെന്നും അതിന്‍റെ കാരണം നരേന്ദ്രമോദി എന്ന ഭരണാധികാരിയുടെ ദീര്‍ഘ വീക്ഷണമാണെന്നും അശ്വിനി വൈഷണവ് അവകാശപ്പെട്ടു. ഡിജിറ്റല്‍ പണമിടപാടിനു പിന്നിലും നരേന്ദ്രമോദിയുടെ ദീര്‍ഘ വീക്ഷണം എന്നും പുകഴ്ത്തിയ കേന്ദ്രമന്ത്രി, പ്രധാനമന്ത്രി ഒരു ബട്ടണില്‍ വിരലമര്‍ത്തുമ്പോള്‍ എങ്ങനെ കോടിക്കണക്കിനു പേരുടെ അക്കൗണ്ടുകളിലേക്ക് ആനുകൂല്യം എത്തുന്നു എന്നത് മറ്റ് രാജ്യങ്ങള്‍ക്ക് അത്ഭുതമാണെന്ന് പറഞ്ഞു.