തിരുവനന്തപുരം :കേരളത്തിൻ്റെ ആദ്യ വന്ദേ ഭാരത് എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. രാവിലെ 11.12 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് പച്ചക്കൊടി വീശി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ് അടക്കം സന്നിഹിതരായിരുന്നു.
10.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദിയെ ബിജെപി പ്രവർത്തകർ ചേർന്ന് ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. ശംഖുമുഖത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ ആഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. കനത്ത സുരക്ഷാവലയത്തിലാണ് മോദി വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. വെല്ലിംഗ്‌ടൺ ദ്വീപിലെ ആഡംബര ഹോട്ടലിൽ നിന്ന് രാവിലെ 9.37 ഓടെയാണ് മോദി തിരുവനന്തപുരത്തേക്ക് തിരിച്ചത്.
അത്യാധുനിക യാത്രാസൗകര്യമാണ് വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ സവിശേഷത. ശീതീകരിച്ച 16 ബോഗികളാണ് വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ഉള്ളത്. ചെയർകാറും എക്‌സിക്യുട്ടീവ് ബോഗിയും ഇതിലുള്‍പ്പെടും. എക്‌സിക്യുട്ടീവ് കോച്ചിലെ സീറ്റുകൾ 180 ഡിഗ്രിയിൽ തിരിക്കാൻ സാധിക്കും. സിസിടിവി സുരക്ഷ, ഫസ്റ്റ് എയ്‌ഡ് ബോക്‌സ്, ഓട്ടോമാറ്റിക് ഡോറുകൾ, വൺ ടച്ച് അലാറം, അത്യാധുനിക സൗകര്യത്തോടുകൂടിയുള്ള ശുചിമുറികൾ തുടങ്ങിയവയാണ് വന്ദേ ഭാരത് ട്രെയിനുകളുടെ സവിശേഷത.
കുഞ്ഞുങ്ങളുടെ ഡയപ്പർ ചേഞ്ച് ചെയ്യാനുള്ള സംവിധാനവും ട്രെയിനിലുണ്ട്. ട്രെയിനിന്‍റെ യാത്രാവിവരങ്ങൾ ഡിജിറ്റൽ സ്ക്രീനിൽ എല്ലാ ബോഗിയിലും പ്രദർശിപ്പിക്കും. ഏപ്രിൽ 28 മുതലാണ് വന്ദേ ഭാരത് പതിവ് സർവീസ് ആരംഭിക്കുന്നത്.