കേരളം

kerala

ETV Bharat / state

പരീക്ഷണയോട്ടത്തില്‍ വേഗത്തില്‍ ഒന്നാമന്‍ വന്ദേഭാരത് ; 7.10 മണിക്കൂര്‍കൊണ്ട് കണ്ണൂരില്‍, ഉയരുന്നത് അനുകൂല - പ്രതികൂല വാദങ്ങള്‍ - speed of vande bharat trains

കേരളത്തില്‍ പരീക്ഷണ ഓട്ടം നടത്തിയ വന്ദേഭാരത് ട്രെയിനിനെയും മറ്റ് ട്രെയിനുകളേയും ചേര്‍ത്തുവച്ച് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി താരതമ്യങ്ങളാണ് നടക്കുന്നത്

vande bharat express comparison  vande bharat express comparison with other trains  vande bharat express  വന്ദേഭാരത്  വന്ദേഭാരത്
വന്ദേഭാരത്

By

Published : Apr 17, 2023, 4:42 PM IST

തിരുവനന്തപുരം :പരീക്ഷണ ഓട്ടത്തില്‍ ഏഴ്‌ മണിക്കൂര്‍ 10 മിനിട്ട് മാത്രമെടുത്ത് മലബാറിലേക്കുള്ള അതിവേഗ യാത്രാസ്വപ്‌നങ്ങള്‍ക്ക് വന്ദേഭാരത് ചിറകുമുളപ്പിച്ചു. വടക്കന്‍ കേരളത്തിലേക്കും തിരിച്ചും മണിക്കൂറുകള്‍ തീവണ്ടികള്‍ക്കുള്ളില്‍ ചെലവിടേണ്ടിവരുന്ന ദുരിതത്തിന് പൂര്‍ണായി അറുതിയാകില്ലെങ്കിലും ഭാവിയില്‍ സംഭവിക്കാവുന്ന സമയലാഭത്തിന്‍റെ പ്രതീക്ഷാകിരണമാണ് വന്ദേഭാരത് യാത്രക്കാരുടെ മനസില്‍ വിരിയിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 5.10ന് പരീക്ഷണ ഓട്ടം ആരംഭിച്ച ട്രെയിന്‍ ഉച്ചയ്‌ക്ക് 12.20ന് കണ്ണൂരിലെത്തി.

ALSO READ |ട്രയൽ റൺ തുടങ്ങി ; വന്ദേഭാരത് എക്‌സ്‌പ്രസിന്‍റെ പരീക്ഷണ ഓട്ടം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ

നിലവില്‍ കേരളത്തിലോടുന്ന തീവണ്ടികളില്‍ രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ കണ്ണൂരിലെത്തുന്ന 7.56 മണിക്കൂര്‍ എന്ന റെക്കോഡ് വേഗതയാണ് വന്ദേഭാരത് കടത്തിവെട്ടിയത്. സ്ഥിരം സര്‍വീസ് ആരംഭിക്കുമ്പോള്‍ ഏഴ്‌ മണിക്കൂറില്‍ താഴെ സമയംകൊണ്ട് കണ്ണൂരിലെത്തുമെന്നാണ് റെയില്‍വേയുടെ അവകാശവാദം. അതേസമയം, തിരുവനന്തപുരത്തുനിന്ന് ഉച്ചയ്‌ക്ക് 2.50ന് പുറപ്പെടുന്ന ജനശതാബ്‌ദി രാത്രി 12.25ന് കണ്ണൂരിലെത്തും. 9.35 മണിക്കൂറാണ് ജനശതാബ്‌ദി കണ്ണൂരിലെത്താനെടുക്കുന്ന സമയം. ഇതുമായി താരതമ്യം ചെയ്‌താല്‍ 2.25 മണിക്കൂറിന്‍റെ വ്യത്യാസം വന്ദേഭാരതിന് കണ്ണൂരിലെത്താന്‍ ഉണ്ടാകും. എന്നാല്‍, മറ്റ് സ്റ്റേഷനുകളില്‍ എത്തിച്ചേരുന്നതിന് ഇത്രയും സമയ വ്യത്യാസം ലഭിക്കണമെന്നില്ല.

രണ്ട് മണിക്കൂറിന്‍റെ സമയലാഭം :കണ്ണൂരിലേക്കുള്ള പതിവുയാത്രക്കാരുടെ സ്ഥിരം തീവണ്ടിയായ മാവേലി എക്‌സ്പ്രസിന് തിരുവനന്തപുരത്തുനിന്നും കണ്ണൂരിലെത്താന്‍ വേണ്ടത് 9.30 മണിക്കൂറാണ്. അതായത്, ശരാശരി ഒന്‍പത് മണിക്കൂറാണ് മിക്കവാറും ട്രെയിനുകള്‍ക്ക് കണ്ണൂരിലെത്താന്‍ വേണ്ട സാധാരണ സമയം. ഇതിലാണ് ഏകദേശം രണ്ട് മണിക്കൂറിന്‍റെ സമയലാഭം വന്ദേഭാരത് കൊണ്ടുവരുന്നത്. അതായത് വലിയ സമയലാഭം പ്രതീക്ഷിച്ച് കൊണ്ടുവന്ന വന്ദേഭാരതിന് മികച്ച സമയലാഭം ഉണ്ടാക്കാനാകുന്നില്ലെന്ന വിമര്‍ശനമാണുയരുന്നത്. മാത്രമല്ല, മറ്റ് തീവണ്ടികളുടെ യാത്രാക്കൂലിയുമായി താരതമ്യം ചെയ്‌താല്‍ വന്ദേഭാരത് സാധാരണക്കാര്‍ക്ക് തീര്‍ത്തും അപ്രാപ്യവുമാണ്. ഏകദേശം 1,000 മുതല്‍ 3,000 രൂപവരെയാണ് വന്ദേഭാരതിന്‍റെ യാത്രാക്കൂലി.

മലബാര്‍ മേഖലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിദഗ്‌ധ ചികിത്സയ്ക്കും മറ്റുമായി എത്തുന്ന നിര്‍ധനര്‍ക്കും സാധാരണക്കാര്‍ക്കും ഈ വണ്ടി ഒരിക്കലും പ്രയോജനം ചെയ്യില്ലെന്ന വാദമാണുയരുന്നത്. തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്‌ നിലവില്‍ ഏറ്റവും വേഗത്തില്‍ കണ്ണൂരിലെത്തുന്ന തീവണ്ടിയാണെങ്കിലും അത് പൂര്‍ണമായും എസി ആയതിനാല്‍ നിരക്ക് താരതമ്യേന കൂടുതലാണ്. അതിനാല്‍ സാധാരണക്കാര്‍ ഈ തീവണ്ടിയാത്ര തെരഞ്ഞെടുക്കാറില്ല. അതേ അവസ്ഥയാണ് വന്ദേഭാരതിനും എന്ന അഭിപ്രായം ഉയരുന്നുണ്ട്.

വന്ദേഭാരത് കൊല്ലത്തെത്തിയത് 50 മിനിട്ടുകൊണ്ട് :മാവേലി എക്‌സ്പ്രസില്‍ സ്ലീപ്പര്‍ ക്ലാസിന് വെറും 290 രൂപയും തേര്‍ഡ് എസിക്ക് 775 രൂപയും സെക്കന്‍ഡ് എസിക്ക് 1,105 രൂപയും മാത്രമാണുള്ളത്. ജനശതാബ്‌ദിക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 220 രൂപയും കൂടിയ നിരക്ക് 755 രൂപയുമാണ്. അതേസമയം, പൂര്‍ണമായും എസിയായ രാജധാനി എക്‌സ്പ്രസില്‍ തേര്‍ഡ് എസിക്ക് 1,460 രൂപയും സെക്കന്‍ഡ് എസിക്ക് 1,970 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതിലും ഉയര്‍ന്ന നിരക്ക് വന്ദേഭാരതിന് നല്‍കേണ്ടി വരുമെന്നാണ് ഉയരുന്ന മറ്റൊരു വിമര്‍ശനം. അതായത്, പതിവുയാത്രക്കാര്‍ക്ക് ഈ തീവണ്ടി തികച്ചും അപ്രാപ്യമാണെന്ന വാദത്തിന് അടിവരയിടുന്ന കാര്യമാണിത്.

ജനശതാബ്‌ദിക്ക് കൊല്ലത്തെത്താന്‍ വേണ്ടത് 57 മിനിട്ടാണെങ്കില്‍ വന്ദേഭാരത് പരീക്ഷണ ഓട്ടത്തില്‍ കൊല്ലത്തെത്തിയത് 50 മിനിട്ടുകൊണ്ടാണ്. വന്‍തോതില്‍ പണം നല്‍കി ടിക്കറ്റ് എടുത്താല്‍ ഉണ്ടാകുന്ന സമയലാഭം ഏഴ്‌ മിനിട്ട് മാത്രം. കോട്ടയത്ത് ജനശതാബ്‌ദിക്ക് വേണ്ടത് 2.45 മണിക്കൂറാണെങ്കില്‍ വന്ദേഭാരത് പരീക്ഷണ ഓട്ടത്തിലെത്തിയത് 2.15 മണിക്കൂര്‍ കൊണ്ടാണ്. സമയലാഭം വെറും 30 മിനിട്ട്. ജനശതാബ്‌ദിക്ക് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെത്താന്‍ വേണ്ടത് 4.10 മണിക്കൂറാണ്. വന്ദേഭാരത് പരീക്ഷണ ഓട്ടത്തിലെത്തിയത് 3.20 മിനിട്ടുകൊണ്ട്. 50 മിനിട്ടിന്‍റെ സമയലാഭത്തിനാകട്ടെ വന്‍ നിരക്ക് നല്‍കേണ്ടി വരുമെന്ന വാദമുയരുന്നുണ്ട്.

'സമയലാഭത്തിന് വന്‍ തുക ?', ചോദ്യമുയരുന്നു:ജനശതാബ്‌ദിക്ക് തൃശൂരിലെത്താന്‍ വേണ്ടത് 5.28 മണിക്കൂറാണെങ്കില്‍ വന്ദേഭാരത് പരീക്ഷണ ഓട്ടത്തിലെത്തിയത് 4.27 മണിക്കൂര്‍ കൊണ്ടാണ് - ഒരു മണിക്കൂര്‍ വ്യത്യാസം. തിരൂരിലെത്താന്‍ ജനശതാബ്‌ദിക്ക് വേണ്ടത് 6.04 മണിക്കൂറാണെങ്കില്‍ 5.36 മണിക്കൂറാണ് വന്ദേഭാരതിന്. കോഴിക്കോട് എത്താന്‍ ജനശതാബ്‌ദി എടുക്കുന്നത് 7.47 മണിക്കൂറാണെങ്കില്‍ വന്ദേഭാരതിന് എത്താന്‍ വേണ്ടിവന്നത് 6.05 മണിക്കൂര്‍. ജനശതാബ്‌ദി കണ്ണൂരിലെത്താന്‍ വേണ്ടത് 9.35 മണിക്കൂറാണെങ്കില്‍ വന്ദേഭാരതിന് ഏഴ്‌ മണിക്കൂറും 10 മിനിട്ടും. 2.25 മണിക്കൂറിന്‍റെ സമയലാഭത്തിന് ഇത്രയും തുക കൊടുക്കേണ്ടി വരില്ലേ എന്ന മറുചോദ്യം ഉയരുന്നുണ്ട്.

വന്ദേഭാരത് സ്ഥിരമായി ഓടിത്തുടങ്ങുമ്പോള്‍ ജനശതാബ്‌ദിയുമായുള്ള സമയ വ്യത്യാസം മൂന്നുമണിക്കൂര്‍ മുതല്‍ നാലുമണിക്കൂര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്നാണ് റെയില്‍വേ അധികൃതരുടെ അവകാശവാദം. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.10ന് യാത്രയാരംഭിച്ച വന്ദേഭാരത് വിവിധ സ്റ്റേഷനുകളില്‍ എത്തിയ സമയം ഇങ്ങനെയാണ്: കൊല്ലം - ആറ് മണി, കോട്ടയം - 7.25, എറണാകുളം നോര്‍ത്ത് - 8.30, തൃശൂര്‍ - 9.37, തിരൂര്‍ - 10.46, കോഴിക്കോട് -11.15, കണ്ണൂര്‍ - 12.20.

ABOUT THE AUTHOR

...view details