കേരളം

kerala

ETV Bharat / state

ട്രയൽ റൺ തുടങ്ങി ; വന്ദേഭാരത് എക്‌സ്‌പ്രസിന്‍റെ പരീക്ഷണ ഓട്ടം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ

ട്രെയിനിന്‍റെ സമയക്രമവും ടിക്കറ്റ് നിരക്കും സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ന് റെയിൽവേ അധികൃതർ പുറത്തുവിടും. പരീക്ഷണ ഓട്ടത്തിൽ ഏഴ് മണിക്കൂർ കൊണ്ട് ട്രെയിന്‍ കണ്ണൂരിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

By

Published : Apr 17, 2023, 7:13 AM IST

Updated : Apr 17, 2023, 10:31 AM IST

Vande Bharat Express begins trial run  വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രയൽ റൺ തുടങ്ങി  പരീക്ഷണ ഓട്ടം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ  ട്രെയിനിന്‍റെ സമയക്രമവും ടിക്കറ്റ് നിരക്കും  വന്ദേ ഭാരത് എക്‌സ്‌പ്രസ്
വന്ദേ ഭാരത് എക്‌സ്‌പ്രസ്

തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ

തിരുവനന്തപുരം : കേന്ദ്രം കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 5.10 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. സ്‌റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. 12.10 ഓടെ വന്ദേഭാരത് എക്‌സ്‌പ്രസ് കണ്ണൂരിലേക്ക് എത്തുന്ന തരത്തിലാണ് പരീക്ഷണ ഓട്ടം.

ട്രെയിനിന്‍റെ സമയക്രമവും ടിക്കറ്റ് നിരക്കും സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ന് റെയിൽവേ അധികൃതർ പുറത്തുവിടും. പരീക്ഷണ ഓട്ടത്തിൽ ഏഴ് മണിക്കൂർ കൊണ്ട് ട്രെയിന്‍ കണ്ണൂരിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 13 ന് വ്യാഴാഴ്‌ചയാണ് വന്ദേഭാരത് എക്‌സ്‌പ്രസ് തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനിൽ എത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി പ്രവർത്തകരും ചേർന്നാണ് വന്ദേഭാരത് എക്‌സ്‌പ്രസിനെ സ്വീകരിച്ചത്. തുടർന്ന് സ്റ്റേഷനിലെ റെയിൽവേ യാർഡിലായിരുന്നു ട്രെയിൻ നിർത്തിയിട്ടിരുന്നത്.

വന്ദേഭാരതിന് വിശേഷങ്ങൾ ഏറെ :180 കിലോമീറ്റര്‍ ആണ് വന്ദേഭാരതിന്‍റെ പരമാവധി വേഗം. ചെന്നൈ വില്ലിവാക്കത്ത് നിന്നാണ് ട്രെയിൻ തിരുവനന്തപുരത്തേക്ക് എത്തിച്ചത്. പെരമ്പൂർ ഇന്‍റഗ്രൽ കോച്ച് ഫാക്‌ടറിയിലാണ് ട്രെയിനിന്‍റെ ബോഗികൾ നിർമിച്ചത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആരംഭിക്കുന്ന ആദ്യ ഘട്ട സർവീസിന് പരമാവധി വേഗം 100 മുതൽ 110 വരെയാകും എന്നാണ് കണക്കാക്കുന്നത്.

കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും വന്ദേഭാരതിന് സ്‌റ്റോപ്പുകൾ ഉണ്ടാവുക. 52 സെക്കന്‍റുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാൻ കഴിയും എന്നതാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രത്യേകത. മുന്നിലും പിന്നിലും ഡ്രൈവർ ക്യാബിനുകളുമുണ്ട്. എല്ലാം എ സി കോച്ചുകളാണ്. 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 25 ന് തിരുവനന്തപുരത്ത് വന്ദേഭാരതിന്‍റെ ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിക്കും. ഉദ്ഘാടന പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവും പങ്കെടുക്കും.

വന്ദേഭാരത് കൊണ്ടുവന്ന രാഷ്‌ട്രീയപ്പോര് : കേന്ദ്രം കേരളത്തിന് വന്ദേ ഭാരത് അനുവദിച്ചതിന് പിന്നാലെ സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ് ബിജെപി നേതൃത്വം. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സിൽവർലൈൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ വ്യാമോഹം മാത്രമാണെന്ന് വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു. കയ്യിട്ട് വാരാൻ മാത്രം ഉദ്ദേശിച്ചാണ് രണ്ട് ലക്ഷം കോടി രൂപ മുതൽ മുടക്കി കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയായ സിൽവർലൈനിന് വേണ്ടി ഇടതുപക്ഷം വാശിപിടിക്കുന്നതെന്നും കെ സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു.

കേരളത്തിന്‍റെ പരിസ്ഥിതിയേയും നിരവധി കുടുംബങ്ങളേയും വഴിയാധാരമാക്കുന്ന പദ്ധതിക്ക് മോദി സർക്കാർ ഒരിക്കലും അംഗീകാരം നൽകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം വന്ദേഭാരത് വന്നതിൽ സന്തോഷം ഉണ്ടെന്നും, എന്നാൽ അത് സിൽവർ ലൈന് പകരമാവില്ല എന്ന വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസും രംഗത്തുവന്നു.

Last Updated : Apr 17, 2023, 10:31 AM IST

ABOUT THE AUTHOR

...view details