കേരളം

kerala

ETV Bharat / state

Vandana Das Murder| സന്ദീപിനെതിരെ വകുപ്പുതല അച്ചടക്ക നടപടി; വന്ദനയുടെ കൊലപാതകിയെ പിരിച്ചുവിട്ടുവെന്ന് വി ശിവൻകുട്ടി

സന്ദീപിനെതിരെ അന്വേഷണ റിപ്പോർട്ട്‌ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി അറിയിച്ചു

Vandana Das Murder  Sandeep expelled from Service  Vandana Das Murder Latest News  Vandana Das  Departmental action against Vandana Das Murderer  Education Minister V Sivankutty  V Sivankutty  സന്ദീപിനെതിരെ വകുപ്പുതല അച്ചടക്ക നടപടി  വന്ദനയുടെ കൊലപാതകിയെ പിരിച്ചുവിട്ടു  വന്ദന  കൊലപാതകി  ശിവൻകുട്ടി  അന്വേഷണ റിപ്പോർട്ട്‌  മന്ത്രി  വിദ്യാഭ്യാസ മന്ത്രി
വന്ദനയുടെ കൊലപാതകിയെ പിരിച്ചുവിട്ടുവെന്ന് വി.ശിവൻകുട്ടി

By

Published : Aug 5, 2023, 4:23 PM IST

Updated : Aug 5, 2023, 5:42 PM IST

മന്ത്രി വി ശിവൻകുട്ടി പ്രതികരിക്കുന്നു

തിരുവനന്തപുരം: വന്ദന ദാസിന്‍റെ കൊലപാതകി സന്ദീപിനെതിരെ വകുപ്പുതല അച്ചടക്ക നടപടി. പ്രതിയെ അധ്യാപക സേവനത്തിൽ നിന്നും പിരിച്ചുവിട്ടുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു. സന്ദീപിനെതിരെ അന്വേഷണ റിപ്പോർട്ട്‌ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഭാവിയിൽ സർക്കാർ നിയമനങ്ങൾക്ക് യോഗ്യതയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതി മാതൃക അധ്യാപന ചട്ടത്തിനെതിരായി പ്രവർത്തിച്ചുവെന്നും ചട്ടമനുസരിച്ചാണ് നടപടിയെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കൊട്ടാരക്കര ഉപജില്ല വിദ്യാഭ്യാസ ഓഫിസറാണ് സന്ദീപിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചത്. തന്‍റെ കുറ്റകൃത്യം ന്യായീകരിക്കും വിധമാണ് സന്ദീപ് അന്വേഷണത്തെ സമീപിച്ചത്. പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സന്ദീപ് മദ്യത്തിന് അടിമയാണെന്നും ഡീ അഡിക്ഷൻ സെന്‍ററിൽ ചികിത്സ തേടിയിട്ടുണ്ടെന്നും വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

കൊല്ലം ജില്ലയിലെ യുപിഎസ് വിലങ്ങറയിൽ നിന്നും തസ്‌തിക നഷ്‌ടപ്പെട്ട് നിലവിൽ സംരക്ഷണ ആനുകൂല്യത്തിൽ യുപിഎസ് നെടുമ്പനയിൽ ഹെഡ് ടീച്ചർ ഒഴിവിൽ പുനർ വിന്യസിച്ച സംരക്ഷിത അധ്യാപകനായിരുന്നു ജി.സന്ദീപ്. ഇതിനിടയിൽ പൊലീസ് അറസ്റ്റ് ചെയ്‌ത സന്ദീപ് കസ്‌റ്റഡിയിൽ ഇരിക്കെയായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് പൊലീസിനെയും ആശുപത്രി ജീവനക്കാരെയും അക്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്‌ടർ വന്ദന ദാസിനെ കൊല്ലപ്പെടുത്തുകയും ചെയ്‌തത്.

വന്ദന ദാസ് വധം:ഇക്കഴിഞ്ഞ മെയ്‌ പത്തിനാണ് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന തരത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്‌ടര്‍ വന്ദന ദാസ് സന്ദീപിന്‍റെ കുത്തേറ്റ് കൊല്ലപ്പെടുന്നത്. ആശുപത്രിയിലെ ടേബിളില്‍ നിന്ന് കത്രിക കൈക്കലാക്കി പ്രതി വന്ദനയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കഴുത്തില്‍ ആഴത്തിൽ മുറിവേറ്റ ഡോക്‌ടറെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വന്ദന ദാസിന് പുറമെ പൊലീസുകാരനായ മണിലാല്‍, ഹോം ഗാര്‍ഡ് അലക്‌സ്‌ കുട്ടി എന്നിവര്‍ക്കും പ്രതിയുടെ കുത്തേറ്റിരുന്നു.

സിബിഐ അന്വേഷണം തേടി കുടുംബം: തുടര്‍ന്ന് സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി കോടതി ഓഗസ്‌റ്റ് 17ലേക്ക് മാറ്റിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാരൻ സാവകാശം തേടുകയും ചെയ്‌തിരുന്നു. അതേസമയം മകളുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ കെ.ജി മോഹൻദാസാണ് ഹൈക്കോടതിയെ സമീപിച്ചത്.

പൊലീസ് ഉത്തരവാദിത്തത്തിൽ നിന്ന് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തിൽ പൊലീസിന് താത്‌പര്യമില്ലെന്നുമാണ് ഹർജിയിലുള്ള പ്രധാന ആരോപണം. അന്വേഷണത്തിൽ പൊലീസിന് ഉദാസീനതയുണ്ടെന്നും ഇതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമെന്നും ഇദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു. കേസിലെ ഏകപ്രതി സന്ദീപിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയെന്നും പ്രതിയെ അന്നേദിവസം തന്നെ അറസ്‌റ്റ് ചെയ്‌തുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എല്ലാ ശാസ്ത്രീയതയോടെയുമാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണം യഥാസമയം പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് ക്രൈംബ്രാഞ്ചും വ്യക്തമാക്കിയിരുന്നു.

Last Updated : Aug 5, 2023, 5:42 PM IST

ABOUT THE AUTHOR

...view details