വാളയാർ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ലോംഗ് മാര്‍ച്ച് നടത്താൻ തീരുമാനം
തിരുവനന്തപുരം: വാളയാർ പീഡനക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ലോംഗ് മാര്‍ച്ച് നടത്താൻ തീരുമാനം. നവംബര്‍ 5ന് വാളയാറില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് തിരുവനന്തപുരത്ത് സമാപിക്കും. ഇന്നലെ നടന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കൊച്ചി മേയര്‍ സൗമിനി ജെയ്‌നിനെ മാറ്റണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും വി.ഡി സതീശനും ആവശ്യപ്പെട്ടെങ്കിലും വി.എം സുധീരന്‍ അനുകൂലിച്ചില്ല. കൊച്ചി മേയറുടെ കാര്യത്തില്‍ സിപിഎമ്മിന്‍റെ കെണിയില്‍ കോണ്‍ഗ്രസ് വീഴരുതെന്ന് സുധീരന്‍ പറഞ്ഞു. നഗരസഭ പിരിച്ചു വിടണമെന്ന ഹൈക്കോടതി പരാമര്‍ശത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാൻ കെപിസിസി പ്രസിഡന്‍റിനെ യോഗം ചുമതലപ്പെടുത്തി.
വട്ടിയൂര്‍കാവ്, കോന്നി മണ്ഡലങ്ങളിലെ പരാജയം അരൂരിലെ മികച്ച വിജയത്തിന്‍റെ ശോഭ കെടുത്തി. വട്ടിയൂര്‍കാവില്‍ സംഘടനാപരമായ വീഴ്ചയും ആര്‍എസ്എസ് വോട്ടുകള്‍ സിപിഎമ്മിലേക്കു പോയതും പരാജയമായമായെന്ന് കെ.മുരളീധരന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കെപിസിസി പുനസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഉപസമിതിയെ രൂപീകരിച്ചു. യൂത്ത് കോണ്‍ഗ്രസിന്‍റെ നിര്‍ജീവാവസ്ഥ പരിഹരിക്കാന്‍ എത്രയും വേഗം പുനസംഘടന വേണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.