കേരളം

kerala

ETV Bharat / state

വലിയതുറയില്‍ കടലാക്രമണം രൂക്ഷം - Fisher men

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണമാണ് വലിയതുറയെ കടലെടുക്കാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.

വലിയതുറ കടലാക്രമണം

By

Published : Feb 15, 2019, 11:27 PM IST

തിരുവനന്തപുരത്തെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ വലിയതുറയിലെ കടലാക്രമണം മത്സ്യബന്ധന മേഖലക്കും പ്രദേശവാസികള്‍ക്കും കനത്ത തിരിച്ചടിയാകുന്നു. കാലം തെറ്റിയുള്ള കടലാക്രമണത്തില്‍ വളളവും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കാന്‍ കരയില്ലാതായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണമാണ് വലിയതുറയെ കടലെടുക്കാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് തീരത്തുനിന്ന് ഒഴിയാന്‍ സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ തീരെ അപര്യാപ്തമാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

കടൽ ശാന്തമായിരിക്കേണ്ട ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇവിടെ തീരത്തെ കടൽ വിഴുങ്ങുകയാണ്. വലിയതുറ കടൽ പാലത്തിന്‍റെ കരയോട് ചേർന്നുള്ള ഭാഗം കടലാക്രമണത്തിൽ വേർപെട്ടിരിക്കുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് വേണ്ടി കടൽ നികത്തിയതോടെയാണ് നിർദ്ദിഷ്ട തുറമുഖത്തിന്‍റെ വടക്കുഭാഗത്ത് കടലാക്രമണം രൂക്ഷമായതെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം.

കര ഇല്ലാതായതോടെ ഉപജീവനത്തിന് മറ്റ് മാർഗ്ഗങ്ങൾ തേടേണ്ട സ്ഥിതിയിലാണ് മത്സ്യത്തൊഴിലാളികൾ. കടലാക്രമണം രൂക്ഷമായതോടെ തീരപ്രദേശത്തെ വീടുകൾ ഒഴിപ്പിക്കുകയാണ് അധികൃതർ. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുന്നതിന് എതിരല്ലെങ്കിലും ഇതിന്‍റെ പേരിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് സർക്കാർ അർഹമായ ധനസഹായം നൽകണമെന്നാണ് വലിയതുറയിലെ മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

വലിയതുറ കടലാക്രമണം

ABOUT THE AUTHOR

...view details