തിരുവനന്തപുരം: വലിയതുറയില്‍ മന്ത്രി ആന്‍റണി രാജു പങ്കെടുക്കുന്ന പരിപാടിയില്‍ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍. അറിവ് 2022 പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന ബോധവത്‌കരണ പരിപാടിയിലേക്കാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയത്. പരിപാടി നടക്കുന്ന വലിയതുറ സെന്‍റ് ആന്‍റണീസ് ചര്‍ച്ച് ഹാളില്‍ തിരുവനന്തപുരം അതിരൂപതയുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം.
തീരം സംരക്ഷിക്കണം, വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക് വീട് നല്‍കണം; വലിയതുറയില്‍ മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രതിഷേധം
മന്ത്രി ആന്‍റണി രാജു ഉദ്‌ഘാടനം ചെയ്യേണ്ട ബോധവത്‌കരണ പരിപാടിയിലേക്കാണ് വലിയതുറ ഇടവക വികാരി ഫാ. സാബാസിന്‍റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയത്
പ്രതിഷേധത്തെ തുടര്‍ന്ന് 10.30 ന് ഉദ്‌ഘാടനം നിര്‍വഹിക്കേണ്ട ചടങ്ങില്‍ മന്ത്രി എത്തിയില്ല. പരിപാടി ഉദ്‌ഘാടനം ചെയ്യാന്‍ എത്തുന്ന മന്ത്രിയെ തടഞ്ഞ് പരാതി അറിയിച്ച ശേഷമേ പിരിഞ്ഞു പോകുകയുള്ളൂ എന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. വലിയതുറ തീരം സംരക്ഷിക്കുക, വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക് വീട് നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
നിലവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന ബോധവത്‌കരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ഫാ. സാബാസ് ഇടിവി ഭാരതിനോട് പറഞ്ഞു. ബോധവത്‌കരണമല്ല മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടത്. വീടും തൊഴിലുമാണ് വേണ്ടത്. അതിന് വേണ്ടിയുള്ള സമരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.