തിരുവനന്തപുരം : വൈക്കം സത്യഗ്രഹത്തിലെ മുന്നണി പോരാളി ആയിരുന്ന ആമചാടി തേവന് സ്‌മൃതിമണ്ഡപം ഒരുക്കി കോൺഗ്രസ്. ആമചാടി തേവൻ സ്‌മൃതിമണ്ഡപം ആനന്ദ് രാജ് അംബേദ്‌കർ അനാച്ഛാദനം ചെയ്യും. ഈ മാസം 29-ാം തിയതി 11.30 ന് തൃപ്പുണിത്തുറ ആമചാടി ദ്വീപിൽ നടക്കുന്ന സമ്മേളനത്തിലാണ് സ്‌മൃതിമണ്ഡപം അനാച്ഛാദനം ചെയ്യുന്നത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷത വഹിക്കും. ഭരണഘടന ശിൽപിയായ ഡോ. ബി ആർ അംബേദ്ക്കറുടെ ചെറുമകനായ ആനന്ദ് രാജ് അംബേദ്‌കറാണ് സ്‌മൃതിമണ്ഡപം അനാച്ഛാദനം ചെയ്യുന്നത്. പ്രമുഖ നേതാക്കളടക്കം പരിപാടിയിൽ പങ്കെടുക്കും. മാത്രമല്ല തൃപ്പൂണിത്തുറ ആമചാടി ദ്വീപിലെ തേവന്‍റെ ശവകുടീരവും വീടും നവീകരിക്കുകയും ചെയ്‌തു.
കെ പി സി സി വൈക്കം സത്യഗ്രഹത്തിന്‍റെ ഒരു വർഷം നീളുന്ന ശതാബ്‌ദി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് പ്രസ്‌തുത പരിപാടിയും നടത്തുന്നത്. മാർച്ച് 30ന് എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷം ഉദ്‌ഘാടനം ചെയ്‌തത്.
എ ഐ ക്യാമറ പദ്ധതി, മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ : എ ഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണത്തിൽ പ്രതിപക്ഷത്തിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ നുണയാണെന്ന് ജനങ്ങളോട് പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് നട്ടെല്ലുണ്ടോയെന്നും അങ്ങനെയെങ്കില്‍ അത് തെളിയിക്കട്ടെയെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.