തിരുവനന്തപുരം:പുസ്‌തകങ്ങളിലൂടെയും സിനിമയിലൂടെയും വാർത്തകളിലൂടെയും മലയാളി തിരിച്ചറിഞ്ഞ കശ്‌മീരിന്‍റെ പ്രാദേശിക കാർഷിക സംസ്‌കാരത്തെ നേരിട്ട് പരിചയപ്പെടുത്തുകയാണ് തിരുവനന്തപുരത്തെ പുത്തരികണ്ടം മൈതാനത്തെ വൈഗ മേള. കശ്‌മീരിന്‍റെ ഭൗമ സൂചിക പദവി അലങ്കരിക്കുന്ന കുങ്കുമ പൂവ് ഉൾപ്പെടെ താഴ്‌വാരത്തെ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളാണ് മേളയിൽ കൗതുകമാകുന്നത്. സംസ്ഥാന സർക്കാരിന്‍റെ കാർഷിക വകുപ്പിന്‍റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈഗ മേളയിൽ കുങ്കുമപൂവ് മാത്രമല്ല കശ്‌മീരിന്‍റെ തനത് കാർഷിക ഉത്പന്നങ്ങളായ ബദാം, അത്തിപ്പഴം, ലാവെൻഡർ എന്നിങ്ങനെ സലാമിയെന്ന കശ്‌മീര്‍ സ്റ്റൈൽ ഇറച്ചി കറി വരെ മേളയിലെ കശ്‌മീരിന്‍റെ സ്റ്റാളിനെ ശ്രദ്ധേയമാക്കുന്നു.
12 വിധത്തിലുള്ള കശ്‌മീർ ആപ്പിളുകൾ, 15 തരം വാൾനട്ടുകൾ, 13 തരം ഓറഞ്ചുകൾ എന്നിവയും മേളയിലെ കശ്‌മീരിന്‍റെ സ്റ്റാളിൽ കൗതുക കാഴ്‌ചയാകുന്നു. ആപ്പിൾ, ഓറഞ്ച് എന്നിവയുടെ അച്ചാറുകൾ കുങ്കുമപൂവ് ചേർത്ത ചായപ്പൊടി, കുങ്കുമ പൂവിന്‍റെ തൈലം, കശ്‌മീര്‍ തേൻ എന്നിങ്ങനെ വൈവിധ്യമായ കാർഷിക ഉത്പന്നങ്ങളാണ് പ്രദർശനത്തിന് എത്തിയിട്ടുള്ളത്. കശ്‌മീര്‍ ഹോർട്ടികൾച്ചർ വിഭാഗമാണ് കർഷകരിൽ നിന്നും കാർഷിക സംരംഭകരിൽ നിന്നും ശേഖരിച്ച ഉത്പന്നങ്ങൾ മേളയിൽ എത്തിച്ചിരിക്കുന്നത്.
കശ്‌മീര്‍ ഉത്‌പന്നങ്ങളെ കൂടാതെ, ആന്ധ്രപ്രദേശ്, അസം, സിക്കിം, തമിഴ്‌നാട്, കർണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മൂല്യ വർദ്ധിത ഉത്‌പന്നങ്ങളും ഒപ്പം കേരള കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ ശേഖരിച്ച ഉത്പന്നങ്ങളും മേളയിൽ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. വനത്തിൽ നിന്നും ശേഖരിക്കുന്ന കുരുമുളക്, ഏലം, മഞ്ഞൾ, മഞ്ഞ കൂവപ്പൊടി, ചീവിക്ക പൊടി, തെള്ളി അഥവ കുന്തിരിക്കം, കുടംപുളി, ഇഞ്ചി, മുളയരി എന്നിവയുടെ പ്രദർശനം കൂടാതെ അതിരപ്പിള്ളി ട്രൈബൽ വാലി അഗ്രിക്കള്‍ച്ചറല്‍ പ്രോജക്റ്റിന്‍റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള വിവിധയിനം വനം ഉത്‌പന്നങ്ങളും മേളയിലുണ്ട്.