തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് നിർമ്മാണത്തിൽ സർക്കാരിന് സാമ്പത്തിക ഉത്തരവാദിത്വമില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്‌തീൻ നിയമസഭയിൽ. വീടുകൾ നിർമ്മിച്ച് നൽകാൻ ഒരു സന്നദ്ധ സംഘടന വന്നപ്പോൾ സ്വാഭാവികമായി ചെയ്യേണ്ട സഹായം മാത്രമാണ് ചെയ്‌തത്. വടക്കാഞ്ചേരിയിൽ അസ്വാഭാവികമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ്; സർക്കാരിന് സാമ്പത്തിക ഉത്തരവാദിത്വമില്ലെന്ന് എ.സി മൊയ്‌തീൻ
കരിനിഴൽ വീഴ്ത്തി മുഖ്യമന്ത്രിയെ വേട്ടയാടാനാണ് പ്രതിപക്ഷ ശ്രമമെന്നും മന്ത്രി എ.സി മൊയ്‌തീന്‍ സഭയിൽ പറഞ്ഞു. അതേ സമയം അന്വേഷണം നടന്നാൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കൈയിൽ വിലങ്ങ് വീഴുമെന്ന ഭയമാണ് സർക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
നയപരമായ തീരുമാനം എടുത്തത് കൊണ്ട് മാത്രം ഉദ്യോഗസ്ഥരുടെ വീഴ്‌ചയിൽ സർക്കാരിനെ കുറ്റപ്പെടുത്താനാകില്ലെന്ന് ഇന്നലത്തെ ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതാണ് വിധിയിലെ കാതലായ ഭാഗം. കരിനിഴൽ വീഴ്ത്തി മുഖ്യമന്ത്രിയെ വേട്ടയാടാനാണ് പ്രതിപക്ഷ ശ്രമം. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഴിമതി കണ്ടെത്തിയാൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. അന്വേഷണം നടന്നാൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കൈയിൽ വിലങ്ങ് വീഴുമെന്ന ഭയമാണ് സർക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഹൈക്കോടതി വിധി സർക്കാരിന് ഏറ്റ പ്രഹരമാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് വിധി. ഞങ്ങൾ അഴിമതി നടത്തും അത് ആരും ചോദിക്കരുത് എന്ന നിലപാടാണ് സർക്കാരിന്. ആർത്തിപണ്ടാരം മൂത്ത ആഴിമതിയാണ് വടക്കാഞ്ചേരി ലൈഫ്‌മിഷൻ പദ്ധതിയിൽ നടന്നതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ അനിൽ അക്കരെ ആരോപിച്ചു. ബുദ്ധിപരമായ ആസൂത്രണമാണ് നടന്നത്. ലൈഫിൽ കോടതി വിധി അനുകൂലമാണെങ്കിൽ സർക്കാർ എന്തുകൊണ്ട് സ്വാഗതം ചെയ്യുന്നില്ല. യൂണിടാക്കിനെയും സ്വെയ്ൻ വെഞ്ചേഴ്‌സിനെയും വച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ശിവശങ്കറും സ്വർണക്കടത്ത് പ്രതികളും നടത്തിയ അഴിമതിയാണ് നടന്നതെന്നും അനിൽ അക്കരെ സഭയിൽ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.