കള്ളിക്കാടിൽ കള്ളനോട്ടു നിർമ്മാണം നടത്തി വിതരണം ചെയ്യുന്നസംഘത്തിലെ മൂന്നു പേരെ നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ കോട്ടൂർ കുന്നുംപുറത്തു വീട്ടിൽ നിന്നും ഷാജഹാൻ (27), അർഷാദ്(27), സൗദ് (21) എന്നിവരെയാണ് പിടികൂടിയത്.
കള്ളനോട്ടു നിർമ്മാണം നടത്തിയ മൂന്നംഗ സംഘം പിടിയിൽ - കള്ളനോട്ട്
മലയോര മേഖലയിൽ നാളുകളായി കള്ളനോട്ടു സംഘങ്ങൾ സജീവമായിട്ടുണ്ട്. അടുത്തിടെ കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ ചന്തയിൽ അഞ്ഞൂറിന്‍റെ കള്ളനോട്ടു മാറാൻ എത്തിയ സംഘത്തെ കച്ചവടക്കാർ തടഞ്ഞു വച്ച് പൊലീസിന് കൈമാറിയിരുന്നു.
നെയ്യാർ ഡാമിനു സമീപം തുണ്ടുനടയിലെ ഒരുവ്യാപാര സ്ഥാപനത്തിൽ സിഗരറ്റ് വാങ്ങുന്നതിനായി ഷാജഹാൻ നൽകിയ നോട്ടിൽ സംശയം തോന്നിയ സ്ഥാപന ഉടമയും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയുയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജഹാന്‍റെ സഹായികളായിരുന്ന ഇരുവരെയും പൊലീസ് പിടികൂടിയത്.
സംഘത്തിൽ നിന്ന് നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ച മഷിയും പ്രിന്‍ററുകളും അനുബന്ധ സാധനങ്ങളും പിടിച്ചെടുത്തു. പ്രിന്‍റ് ചെയ്തു സൂക്ഷിച്ചിരുന്ന പത്തോളം നൂറിന്‍റെയും ഇരുനൂറിന്‍റെയും വ്യാജ നോട്ടുകളും പൊലീസ് കണ്ടെടുത്തു. സംഘത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതൽ പേർ സംഘത്തിലുണ്ടോ എന്നതിനെകുറിച്ച് അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു .