തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മണ്ണാർക്കാട് വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തതായി റവന്യു വകുപ്പ് മന്ത്രി കെ രാജൻ. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റവന്യൂ വകുപ്പിൽ പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനിൽ നിന്ന് ഇത്തരമൊരു ആരോപണം കേൾക്കേണ്ടി വന്നത് ഗൗരവത്തോടെയാണ് റവന്യൂ വകുപ്പ് കാണുന്നത്. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കർശന നടപടികൾക്കൊരുങ്ങുകയാണ് റവന്യൂ വകുപ്പ്.
അഴിമതി അറിയിക്കാൻ പോർട്ടൽ :ജൂൺ മാസം മുതൽ ഏതെങ്കിലും റവന്യൂ ഓഫിസുകളിൽ അഴിമതി നടക്കുകയോ അതിനുള്ള സാഹചര്യം സൃഷ്‌ടിക്കുകയോ ചെയ്‌താൽ ഈ വിവരം നൽകുന്ന വ്യക്തികളുടെ പേര് പുറത്ത് വിടാതെ സൂക്ഷിക്കുന്ന ഒരു പുതിയ പോർട്ടൽ ആരംഭിക്കും. ഏത് സമയത്തും എവിടെ നിന്നും അഴിമതി സംബന്ധിച്ച വിവരങ്ങൾ ഈ പോർട്ടലിലൂടെ ജനങ്ങൾക്ക് അറിയിക്കാം. അഴിമതി സംബന്ധിച്ച വിവരങ്ങൾ വിളിച്ചറിയിക്കാൻ ഒരു ടോൾ ഫ്രീ നമ്പർ സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് കേന്ദ്രീകരിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുക. ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് കേന്ദ്രീകരിച്ചും കലക്‌ടറേറ്റുകൾ കേന്ദ്രീകരിച്ചും റവന്യൂ വകുപ്പിലെ ഇൻസ്‌പെക്ഷൻ വിഭാഗവും റവന്യൂവിന്‍റെ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് ആഭ്യന്തര റവന്യൂ വിജിലൻസും ശക്തിപ്പെടുത്താനുള്ള പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് ചേരുന്ന റവന്യൂ സെക്രട്ടേറിയറ്റ് അതിന് അന്തിമരൂപം നൽകും.