തിരുവനന്തപുരം :പ്രവേശനോത്സവം സംബന്ധിച്ച് പുതിയ അധ്യയന വർഷത്തിൽ വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന മാറ്റങ്ങളെ കുറിച്ച് ഇടിവി ഭാരതിനോട് വിശദീകരിച്ച് മന്ത്രി വി ശിവൻകുട്ടി. സമൂഹം ആവശ്യപ്പെടുന്ന വിഷയങ്ങൾ സംസ്ഥാനത്തെ പുതിയ പാഠ്യപദ്ധതിയിലുണ്ടാകുമെന്നും എല്ലാ മേഖലയെയും അടയാളപ്പെടുത്തുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പാഠപുസ്‌തകം പരിഷ്‌കരിക്കുമ്പോൾ കേന്ദ്ര സർക്കാർ നയം പിന്തുടരുകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചരിത്രം, ശാസ്ത്രം, ഭരണഘടന തത്വങ്ങൾ, ലോക ചരിത്രം, എന്നിവയെല്ലാം സിലബസിൽ ഉണ്ടാകുമെന്നും കേന്ദ്ര സർക്കാരിന്‍റെ നയം പോലെ ഏതെങ്കിലും ഒരു വിഭാഗത്തെ ഒഴിവാക്കുന്ന രീതി ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലകളിൽ നടപ്പാക്കിയതുപോലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥിനികൾക്ക് ആർത്തവ അവധി കൊണ്ടുവരുന്നതിനെപ്പറ്റുയും മന്ത്രി വിശദീകരിച്ചു. ഓരോ സ്‌കൂളിന്‍റെയും സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാനുള്ള അധികാരം സ്‌കൂൾ അധികാരികൾക്ക് കൊടുത്തിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് ഉച്ചഭക്ഷണത്തിന് വരുന്ന കുടിശ്ശിക പരിഹരിക്കേണ്ടതുണ്ടന്നും മന്ത്രി പറഞ്ഞു. കുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള സാമ്പത്തിക ബുദ്ധിമുട്ട് സംസ്ഥാനത്തിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കടമെടുക്കാൻ പോലും കേന്ദ്രം സമ്മതിക്കാത്ത സാഹചര്യമാണ് ഉള്ളത്. ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പലയിടങ്ങളിലും പിടിഎയും നാട്ടുകാരും സഹായ സഹകരണങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യ കേരളത്തിൽ ആദ്യമായി 3,800 കോടി രൂപ സ്‌കൂൾ നിർമാണത്തിന് വേണ്ടി ചെലവഴിച്ചത് ഈ ഏഴ് വർഷ കാലത്താണന്നും 97 സ്‌കൂളുകളാണ് ഈ ഒരാഴ്‌ചക്കുള്ളിൽ സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുറഞ്ഞ കുട്ടികളുള്ള ഇടങ്ങളിൽ വലിയ സ്‌കൂളുകൾ കെട്ടാൻ സാധ്യമല്ലെന്നും കുട്ടികൾ കൂടുന്നതിനനുസരിച്ച് സൗകര്യം വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.